ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമം തിരിച്ചറിയുക : എം വി ഗോവിന്ദൻ



തിരുവനന്തപുരം ഇടതുപക്ഷത്തെ തകർക്കാൻ മാധ്യമങ്ങളെയടക്കം ഉപയോഗപ്പെടുത്തി വലതുപക്ഷം നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്ന്‌ സിപിഐ എം. പാർടിക്കും സർക്കാരിനുമെതിരെ നടക്കുന്ന പ്രചരണങ്ങളെ വിലയിരുത്തി ‘വർത്തമാനകാല രാഷ്ട്രീയ സ്ഥിതിഗതികളും പാർടിയുടെ സമീപനവും’ എന്ന രേഖ അംഗീകരിച്ചതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രേഖ പാർടിയിലുടനീളം റിപ്പോർട്ട്‌ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ബദൽ നയം ഉയർത്തി മുന്നോട്ടുപോകുന്ന എൽഡിഎഫ്‌ സർക്കാരിനെയും ഇടതുപക്ഷത്തെയും തകർക്കുകയെന്നത്‌ വർഗീയ, വലതുപക്ഷ ശക്തികളുടെ ആവശ്യമാണ്‌. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടന്ന്‌ എൽഡിഎഫ്‌ മുന്നോട്ട്‌ പോവുകയാണ്‌. അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുനിർത്തിയാണ്‌ ഓരോ പ്രവർത്തനവും. ഓണക്കാലത്തടക്കം വിലക്കയറ്റം തടഞ്ഞു. വയനാട്‌ ദുരിതാശ്വാസ പ്രവർത്തനം എല്ലാവരുടെയും അംഗീകാരം നേടിയതാണ്‌. പാർടിയും സർക്കാരും ജനങ്ങളുടെ അംഗീകാരം നേടി മുന്നോട്ട്‌ പോകുമ്പോഴാണ്‌ തുടർച്ചയായ ആക്രമണം. കമ്യൂണിസ്റ്റ്‌ പാർട്ടിയെ ദുർബലപ്പെടുത്താൻ അതിന്റെ നേതൃത്വത്തെ ആക്രമിക്കുകയെന്ന നയമാണ്‌ വലതുപക്ഷ ശക്തികൾ സ്വീകരിക്കുന്നത്‌. മുഖ്യമന്ത്രിക്കെതിരായ പ്രചരണത്തിന്‌ പിന്നിലെ രാഷ്ട്രീയം ഇതാണെന്നും രേഖയിൽ പറയുന്നു. മതരാഷ്ട്രവാദത്തെ ശക്തമായി എതിർത്ത്‌ മുന്നോട്ട്‌ പോകുന്ന മുഖ്യമന്ത്രിക്ക്‌ മതനിരപേക്ഷ ശക്തികളിലും ന്യൂനപക്ഷ വിഭാഗത്തിലും വലിയ അംഗീകാരമുണ്ടായിട്ടുണ്ട്‌. ഇതിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സിപിഐ എം ആർഎസ്‌എസുമായി സന്ധിയുണ്ടാക്കുന്നുവെന്ന പ്രചരണം നടത്തുന്നത്‌. തൃശൂരിലെ പരാജയവുമായി ബന്ധപ്പെട്ടാണ്‌ ഇത്തരം ചർച്ച വികസിപ്പിക്കുന്നത്‌. തൃശൂരിൽ യുഡിഎഫ്‌ വോട്ടുകളാണ്‌ ബിജെപി ജയത്തിന്‌ കാരണമായത്‌. പരാജയമന്വേഷിക്കാൻ കോൺഗ്രസ്‌ കമീഷനെ നിയമിച്ചതും അതിന്റെ പേരിലുള്ള തർക്കവും നാട്ടിൽ പാട്ടാണ്‌. എന്നിട്ടും സിപിഐ എമ്മിനെ കുറ്റപ്പെടുത്തി അതിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ തമസ്‌കരിക്കാനാണ് ശ്രമമെന്നും രേഖ വിശദീകരിക്കുന്നതായി എം വി ഗോവിന്ദൻ പറഞ്ഞു.   അൻവറിന്റെ കുരിശുയുദ്ധം 
സ്വർണക്കടത്തിനെതിരായ 
പൊലീസ്‌ നടപടിക്കെതിരെ സ്വർണക്കടത്ത്‌ തടയാനായുള്ള പൊലീസ്‌ ഇടപെടലിനെതിരെയാണ്‌ പി വി അൻവർ കുരിശുയുദ്ധം നടത്തുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആ ദൗത്യം പൊലീസിന്‌ നിർവഹിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയ പ്രചാരണമാണ്‌ അൻവർ ഇപ്പോൾ നടത്തുന്നത്‌.  തെളിവുകളില്ലാത്ത ആരോപണങ്ങളാണ്‌ പി ശശിക്കെതിരെ അൻവർ ഉന്നയിച്ചത്‌. പി ശശി മാനനഷ്ടക്കേസ്‌ നൽകിയിട്ടുണ്ട്‌. പൊലീസ്‌ സേനയെ എൽഡിഎഫ്‌ സർക്കാർ  ജനകീയമാക്കി.   ഒരു ഡിജിപി തന്നെ  സംഘപരിവാർ പാളയത്തിൽ എത്തിയത്‌ യുഡിഎഫ്‌ കാലത്തായിരുന്നു. എന്നിട്ടും യുഡിഎഫിനുമേൽ സംഘപരിവാർ ബന്ധം ആരോപിക്കപ്പെട്ടില്ല. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാലുടൻ നടപടിയെടുക്കുകയെന്നത്‌ ഭരണത്തെ ബാധിക്കുന്ന തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം നടത്തി, കുറ്റക്കാരെന്ന്‌ കണ്ടാൽ കർക്കശ നടപടി സ്വീകരിക്കും. സർക്കാരിന്‌ ഒരു പിആർ ഏജൻസിയുമില്ല. ഹിന്ദു പത്രം മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിൽ പലതും പിന്നീട്‌ കൂട്ടിച്ചേർക്കപ്പെട്ടതാണ്‌. അതിന്റെ അടിസ്ഥാനത്തിൽ പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌.  കേരളത്തിലെ രാഷ്ട്രീയ സ്ഥിതി ഗതികളുടെ പശ്ചാത്തലത്തിൽ ഒരു അഭിമുഖം നൽകണമെന്ന് സിപിഐ എം മുൻ എംഎൽഎയുടെ മകൻ നിർദേശം മുഖ്യമന്ത്രി സ്വീകരിക്കുയാണ്‌ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News