സമ്മേളന റിപ്പോർട്ടിങ് ; മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണം : എം വി ഗോവിന്ദൻ
തിരുവനന്തപുരം സിപിഐ എമ്മിന്റെ സംഘടനാ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്ന മാധ്യമരീതി തികഞ്ഞ നിരുത്തരവാദിത്വ പരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനദിവസം താൻ സംസാരിച്ചെന്നും അതിൽ പാർട്ടിഓഫീസുകളെ തെറ്റായി ഉപയോഗിച്ചുവെന്ന് പറഞ്ഞെന്നുമുള്ള വാർത്തകൾ പൂർണമായും തെറ്റാണ്. അത് ബോധ്യപ്പെട്ടിട്ടും തിരുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല. തെറ്റായ പ്രവണതകൾ തിരുത്തി മുന്നേറുക ലക്ഷ്യമിട്ട് പറഞ്ഞ കാര്യങ്ങൾ പാർടിക്കെതിരെ തന്നെ ഉപയോഗിക്കുകയായിരുന്നു മാധ്യമങ്ങൾ. തുടർന്നുള്ള സമ്മേളനങ്ങിലും റിപ്പോർട്ടിങ് സംബന്ധിച്ച് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഈ രീതി ശരിയല്ലയെന്ന് ഓർമിപ്പിക്കുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമെന്നത് തെറ്റായ പ്രചാരണമാണ്. എൽഡിഎഫും യുഡിഎഫും അവരവരുടെ സീറ്റുകൾ നിലനിർത്തി. മേൽകൈയുണ്ടാക്കിയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന വാർഡുകളാകട്ടെ അവർ തന്നെ മുമ്പ് വിജയിച്ചവയാണ്. അന്ന് വിജയിച്ച യുഡിഎഫ് പ്രതിനിധികൾ പാർടി മാറിയതിനെ തുടർന്ന് അയോഗ്യരായി. ഉപതെരഞ്ഞെടുപ്പ് വന്നു. യുഡിഎഫ് തന്നെ വിജയിച്ചു. ഈ വസ്‌തുതകൾ പറയാതെയാണ് പ്രചാരണം–- അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘപരിവാർ ലക്ഷ്യം വ്യക്തം ഇന്ത്യയുടെ ഊഷ്മളമായ ചരിത്രത്തിൽ ഒരുപങ്കും വഹിക്കാത്ത സംഘപരിവാറുകാർ അത്തരം സംഭാവനകൾ നൽകിയവരെ തമസ്‌കരിക്കാൻ മുന്നോട്ടുവന്നവരാണ്. രാഷ്‌ട്രപിതാവായി മഹാത്മാഗാന്ധിയെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ഇവർ ഗോഡ്‌സെയെയാണ് ആസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്. പള്ളികളെല്ലാം ക്ഷേത്രങ്ങൾ തകർത്താണ് നിർമിച്ചതെന്ന തെറ്റായ പ്രചാരണത്തിലൂടെ വർഗീയവൽകരണത്തിനുള്ള ശ്രമം സുപ്രീംകോടതിയുടെ ഉത്തരവിലൂടെ താൽകാലികമായി ശമിച്ചുവെങ്കിലും ഉന്നം വ്യക്തമാണ്. അതേസമയം ഭഗത്‌സിങ്ങിനെയും മഹാത്മാഗാന്ധിയെയും അടക്കം കടന്നാക്രമിച്ച് അപഹസിക്കുന്ന ന്യൂനപക്ഷ വർഗീയതയുടെ നീക്കങ്ങളും ഗൗരവത്തോടെ കാണണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com