മാർക്‌സ് തുടങ്ങിയ പഠനം തുടരേണ്ടത് പുതിയ കാലത്തിന്റെ കടമ: എം എ ബേബി
തേഞ്ഞിപ്പലം> മാർക്‌സ് തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുകയാണ് പുതിയ കാലത്തിന്റെ പ്രധാന കടമയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കലിക്കറ്റ് സർവകലാശാലാ ഇ എം എസ് ചെയർ നേതൃത്വത്തിൽ ‘മാർക്‌സിസത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഭാവി’ വിഷയത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വർത്തമാനകാലത്തെ മാർക്‌സിസം പഠിക്കാൻ മാർക്‌സിസത്തിന്റെ ചരിത്രം നന്നായി മനസ്സിലാക്കണം. ഭാവിയിൽ സമൂഹം എങ്ങനെയായിരിക്കുമെന്ന് മാർക്‌സും എംഗൽസും പറഞ്ഞിട്ടില്ല. അവർ അവരുടെ കാലത്തെ വ്യാഖ്യാനിച്ചു. പുതിയകാലത്തെ ചൂഷണവ്യവസ്ഥക്കെതിരെ മാർക്‌സിയൻ ദർശനമനുസരിച്ച് വ്യാഖ്യാനിക്കുവാൻ പുതുതലമുറയ്‌ക്കാകണം. മാർക്‌സിസ്‌റ്റ് ദർശനങ്ങൾ നടപ്പിലാക്കുന്നതിലെ അപാകം ചില രാജ്യങ്ങളിൽ അപചയത്തിന് കാരണമായി. റഷ്യയിൽനിന്നും കിഴക്കൻ യൂറോപ്പിൽനിന്നുമുള്ള മാർക്‌സിയൻ അനുഭവപാഠങ്ങൾ ഉൾക്കൊള്ളേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനയിലടക്കം സോഷ്യലിസ്റ്റ് മുന്നേറ്റത്തിൽ നൂതന പരിഷ്കാരങ്ങൾ നടക്കുന്നു. അത് തൊഴിലാളി വർഗത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. സോഷ്യലിസത്തിന്റെ ഭാവി സുരക്ഷിതവും പ്രതീക്ഷ നൽകുന്നതുമാണ്. ലാറ്റിൻ അമേരിക്കയിൽ 12 രാജ്യങ്ങളിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും നേപ്പാളിലും ശ്രീലങ്കയിലുമെല്ലാം ഇടതുപക്ഷ സ്വഭാവമുള്ള സർക്കാരുകളോ, പുരോഗമന സർക്കാരുകളോ ഭരണം നടത്തുന്നുണ്ടെന്നും എം എ ബേബി പറഞ്ഞു. Read on deshabhimani.com