പ്രശസ്‌ത ഗായിക മച്ചാട്ട്‌ വാസന്തി അന്തരിച്ചു



കോഴിക്കോട്‌ > പ്രശസ്‌ത ഗായിക മച്ചാട്ട്‌ വാസന്തി (81) അന്തരിച്ചു. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ ചികിത്സയിലായിരുന്നു. നിരവധി നടകങ്ങളിലും സിനിമകളിലും ഗാനമാലപിച്ച മച്ചാട്ട്‌ വാസന്തി വിപ്ലവ ഗായിക കൂടിയാണ്‌. പാട്ട്‌ പാടുന്നതിനോടൊപ്പം നിരവധി നാടകങ്ങളിലും വാസന്തി അഭിനയിച്ചിട്ടുണ്ട്‌. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നെല്ലിക്കോട് ഭാസ്കരന്‍റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആൻറണിയുടെ ഉഴുവുചാൽ, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണിലും തിക്കോടിയന്റെ നിരവധി നാടകങ്ങളിലും വാസന്തി അഭിനയിക്കുകയും ഗാനമാലപിക്കുകയും ചെയ്തു. തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും, ആരു ചൊല്ലിടും ആരു ചൊല്ലിടും, പച്ചപ്പനംതത്തേ, കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ, മണിമാരൻ തന്നത്, പത്തിരി ചുട്ടു വിളമ്പിവിളിച്ചത് തുടങ്ങിയവയാണ്‌ പ്രധാന പാട്ടുകൾ. കണ്ണൂരിൽ നടന്ന കിസാൻ സഭാ സമ്മേളന വേദിയിലാണ്‌ ആദ്യമായി വാസന്തി പാടുന്നത്‌. അന്ന്‌ ഇ കെ നായനാർ പാടാൻ അറിയാമെന്ന്‌ അറിഞ്ഞപ്പോൾ ഒൻപത്‌ വയസുള്ള വാസന്തിയെ വേദിയിലേക്ക്‌ സദസിൽ നിന്ന്‌ എടുത്ത്‌ കയറ്റുകയായിരുന്നു. അരങ്ങിന്റെ ലോകത്ത് വാസന്തി എത്തിയത് മലയാള നാടകത്തിന്റെ സുവർണകാലത്ത്. പി ഭാസ്കരൻ, വയലാർ, ഒ എൻ വി എന്നിവരുടെ പാട്ടുകൾ. ഈണമിടുന്നത് എം എസ്ബാബുരാജും കെ രാഘവനും. ജനങ്ങൾക്കിടയിൽ പാട്ടിനും നാടകത്തിനും മാസ്മര പരിവേഷം. പാർടി സമ്മേളനങ്ങളിലും സംഗീത പരിപാടികളിലും സാന്നിധ്യമായി. തുടർന്ന് പ്രഗത്ഭർക്കൊപ്പം അരങ്ങിൽ. കെപിഎസിയുടെ  "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിൽ അഭിനേത്രിയായത് യാദൃച്ഛികം. ബാലതാരം വിജയകുമാരിക്ക് അസുഖമായപ്പോൾ പകരക്കാരിയാക്കിയത്  തോപ്പിൽ ഭാസി. പി ജെ ആന്റണിയുടെ "ഉഴവുചാൽ' നാടകത്തിൽ മൂന്ന് വർഷത്തോളം വേഷമിട്ടു. ബാലൻ കെ നായരും നെല്ലിക്കോട് ഭാസ്ക്കരനും ട്രൂപ്പിൽ. ഉഴവുചാലിലെ വിലാസിനി, നെല്ലിക്കോടിന്റെ തിളക്കുന്ന കടലിലെ ശാന്തടീച്ചർ, ബാലൻ കെ നായർ, കുഞ്ഞാണ്ടി ടീം ഒരുക്കിയ ഈഡിപ്പസിലെ ജെക്കോസ്റ്റ, തിക്കോടിയന്റെ പരകായപ്രവേശത്തിലെ അഞ്ജലി, കുതിരവട്ടം പപ്പു, കെ പി ഉമ്മർ തുടങ്ങിയവർ ഒരുക്കിയ കറുത്ത പെണ്ണിലെ ആമിന, ബഹദൂറിന്റെ ബല്ലാത്ത പഹയനിലെ സൽമ, കണ്ടം ബെച്ച കോട്ടിലെ കുഞ്ഞീബി തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധേയം. വാർത്ത, പഞ്ചാഗ്നി, അക്ഷരത്തെറ്റ്, അനുബന്ധം, കടലോരക്കാറ്റ്, ഭരണകൂടം, ചന്ത, ഗോഡ്ഫാദർ, ഏയ് ഓട്ടോ, അനുഭൂതി, മഴ പെയ്യുമ്പോൾ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഭാനുപ്രകാശ്‌ എഴുതിയ മച്ചാട്ട് വാസന്തിയുടെ ജീവചരിത്രം"പച്ചപ്പനന്തത്ത–-കമ്യൂണിസ്റ്റ് ​ഗായികയുടെ ജീവിതവും കാലവും’   പുസ്തകത്തിന്റെ കഴിഞ്ഞ മേയിൽ കോഴിക്കോട്ട്‌ നടന്ന പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്. കലാപ്രവർത്തനങ്ങൾക്കായി കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് താമസം മാറിയിരുന്നു. ഫാറൂഖ് കോളേജ് തിരിച്ചിലങ്ങാടിക്ക് സമീപമാണ് താമസം. കലാസാഗർ മ്യൂസിക് ക്ലബ്‌ സെക്രട്ടറിയായിരുന്ന പരേതനായ പി കെ ബാലകൃഷ്ണനായിരുന്നു ഭർത്താവ്. അമ്മ: പരേതയായ കല്യാണി.  മക്കൾ: മുരളി (സിപിഐ എം  ഫാറൂഖ് കോളേജ് കൊറ്റമംഗലം ബ്രാഞ്ച് അംഗം), സം​ഗീത. മരുമക്കൾ: സോമശേഖരൻ, സുനിത. സഹോദരങ്ങൾ: മച്ചാട്ട് ശശി (കണ്ണൂർ), മച്ചാട്ട് ശ്യാമള (ചെറുവണ്ണൂർ), പരേതരായ സുപ്രിയ, വത്സല, മീര.   Read on deshabhimani.com

Related News