യന്ത്രത്തകരാർ: കടലിൽ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
കണ്ണൂർ > യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കോട് ഫിഷ് ലാൻഡിങ്ങ് സെന്ററിൽ നിന്നും പുലർച്ചെ അഞ്ചിന് മത്സ്യബന്ധനത്തിന് പോയ ശ്രീകൃഷ്ണപ്രസാദം എന്ന ഇൻബോഡ് വള്ളത്തിന്റെ എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് - മറൈൻ എൻഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചു. രാവിലെ എട്ടു മണിയോടുകൂടിയാണ് വള്ളവും തൊഴിലാളികളും കടലിൽ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ ടെലഫോൺ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം എഫ് പോളിന്റെ നിർദ്ദേശാനുസരണം മറൈൻ എൻഫോഴ്‌സ്‌മെന്റ് ആന്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി എം ഷൈബു, വി എൻ പ്രശാന്ത്കുമാർ, ഇ ആർ ഷിനിൽകുമാർ, റെസ്‌ക്യൂ ഗാർഡ്മാരായ പ്രസാദ്, വിബിൻ, ബോട്ട് സ്രാങ്ക് റസ്സാക്ക് മുനക്കകടവ്, എഞ്ചിൻ ഡ്രൈവർ റഷീദ് എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മത്സ്യ ബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതും, കാലപ്പഴക്കംചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നതുകൊണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ജില്ലയിൽ രക്ഷാപ്രവർനത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്നു മറൈൻ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നതെന്നും ത്രിശ്ശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തനൂരാൻ അറിയിച്ചു. Read on deshabhimani.com