മൈനാഗപ്പള്ളി അപകടം; രണ്ട് പ്രതികൾക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി
കൊല്ലം> മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തി. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍(29) ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡോക്ടറുമായ നെയ്യാറ്റിന്‍കര സ്വദേശി ശ്രീക്കുട്ടി(27) എന്നിവർക്കെതിരെയാണ് മനപ്പൂർവമായ നരഹത്യാക്കുറ്റം ചുമത്തിയത്. ശരീരത്തിലൂടെ കാർ കയറ്റിയിറക്കി സ്ത്രീ മരിച്ച സംഭവത്തിൽ ഡോ. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്നായിരുന്നു പോലീസ് നേരത്തെ നല്‍കിയ സൂചന. എന്നാല്‍, നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാണ് വനിതാ ഡോക്ടര്‍ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയത്. സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് ദൃക്‌സാക്ഷികളും മൊഴി നല്‍കിയിരുന്നു. തിരുവോണനാളിൽ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂട്ടർ യാത്രികരായ സ്‌ത്രീകളെ കാറിടിച്ച് വീഴ്‌ത്തിയ അജ്‌മൽ, നിലത്ത് വീണു കിടിന്നിരുന്ന സ്‌ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞുമോൾ (45) ഞായറാഴ്‌ച രാത്രിയോടെ മരിക്കുകയായിരുന്നു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി കുഞ്ഞുമോളും കൂടെയുണ്ടായിരുന്ന ഫൗസിയയും തിരികെ പോകുമ്പോഴായിരുന്നു സംഭവം. സ്‌കുട്ടർ ഓടിച്ചിരുന്ന ഫൗസിയ പരിക്കേറ്റ് ചികിത്സയിലാണ്. അപകടമുണ്ടായ ശേഷം നാട്ടുകാർ കാർ നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വണ്ടി നിർത്താതെ പോവുകയായിരുന്നു. ഒടുവിൽ നാട്ടുകാർ പിന്തുടർന്നതോടെ കരുനാഗപ്പള്ളിയിലെ ഒരു പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ഇതിനിടെ കാർ മതിലിലും രണ്ട് വാഹനങ്ങളിലും ഇടിക്കുകയും ചെയ്തു. വാഹനം പോസ്റ്റിലിടിച്ചതോടെ അജ്‌മൽ ഓടി രക്ഷപ്പെടുകയും ശ്രീക്കുട്ടി തൊട്ടപ്പുറത്തെ വീട്ടിലേക്ക് ഓടിക്കയറുകയുമായിരുന്നു. ഇവിടെ വച്ച് നാട്ടുകാർ യുവതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒളിവിൽ പോയ യുവാവിനെ രാത്രിയോടെ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടസ്ഥലത്ത് നിന്ന് വാഹനം മുന്നോട്ടെടുക്കാൻ ഡോക്‌ടർ നിർദേശിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. വൈദ്യപരിശോധനയിൽ ഇരുവരും മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞതായും അജ്‌മൽ ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ട ആളാണെന്നും റിപ്പോർട്ടുകളുണ്ട്. Read on deshabhimani.com