പക്ഷി വൈവിധ്യ കലവറയായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ

​ഗവേഷകസംഘം കണ്ടെത്തിയ അരിവാൾകൊക്കൻ


കോഴിക്കോട് > സസ്യഗവേഷണത്തിന് പുറമെ പക്ഷിനിരീക്ഷണത്തിലും നിർണായക കണ്ടെത്തലുമായി -മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ്. ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷക സംഘം നടത്തിയ പഠനത്തിലൂടെ 111 തരം പക്ഷികളെ കണ്ടെത്തി. ഇവയിൽ ചാരവരിയൻ പ്രാവ് (ട്രെറോണ്‍ പോംപഡോറ),  ആൽക്കിളി (സിലോപോ​ഗണ്‍ മലബാറിക്കസ്),  ചിന്നക്കുട്ടുറുവൻ (മെ​ഗലെയ്മ വിറിഡിസ്) എന്നിവ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. വംശനാശഭീഷണി നേരിടുന്ന വർണകൊക്ക് (മൈസിട്രിയ ലിയോകൊക്ഫല),  കന്യാസ്ത്രീകൊക്ക് (സിക്കോനിയ എപ്സിസ്കോപ്സ്),  വെള്ള അരിവാൾകൊക്കൻ (ത്രെസ്കിറോനിസ് മെലനോസിഫലസ്), ചേരക്കോഴി (അന്‍ഹിങ്ങ മെലനോ​ഗാസ്റ്റര്‍), ചെറിയ പുള്ളിപ്പരുന്ത് (ക്ലാന്‍​ഗ ഹസ്താത)  തുടങ്ങിയവയും ഈ കൂട്ടത്തിലുണ്ട്. കോവിഡ് കാലത്ത് ആരംഭിച്ചതാണ് പഠനം. അന്താരാഷ്ട്ര ജേണലായ ജേണൽ ഓഫ് ഗ്ലോബൽ റിസോഴ്സസാണ് നാലുവർഷം നീണ്ട പഠനം പ്രസിദ്ധീകരിച്ചത്.  കേരള ശാസ്‌ത്ര സാങ്കേതിക വകുപ്പിന്‌ കീഴിലുള്ള സ്ഥാപനത്തിന്റെ 50 ഏക്കറിലെ ആവാസവ്യവസ്ഥയിലാണ് ഇത്രയേറ പക്ഷികളെ കണ്ടെത്തിയത്. ‌തദ്ദേശീയ  പഴവർഗങ്ങളും കൂടൊരുക്കാൻ സാധിക്കുന്ന മരങ്ങളും മറ്റു ചെടികളും പക്ഷികളെ ആകർഷിക്കുന്നതായി കണ്ടെത്തി. കൊറ്റി വർ​ഗത്തിൽപ്പെട്ട പക്ഷികളെയും മറ്റു ദേശാടനപ്പക്ഷികളെയും ആകർഷിക്കുന്ന  വയൽ പ്രദേശവും ചതുപ്പ് പ്രദേശങ്ങളും ഗാർഡനിലുള്ളത്‌ ​ഗുണമായി. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സയന്റിസ്റ്റ് ഇൻ ചാർജ് ഡോ. എൻ എസ് പ്രദീപിന്റെ നേതൃത്വത്തിൽ  ഗവേഷക വിദ്യാർഥികളായ മിഥുൻ വേണുഗോപാൽ, പൂജ പുഷ്കരൻ, സി ജെ ലിജോ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. സി ആർ ശ്രീരാജ് എന്നിവരടങ്ങിയതാണ്‌ ഗവേഷക സംഘം.  പക്ഷികളുടെ വിവരങ്ങളും ശബ്ദങ്ങളും ഉള്‍ക്കൊള്ളിച്ച  ക്യു ആര്‍ കോഡ്  ബോർഡുകൾ ഗാർഡന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. Read on deshabhimani.com

Related News