മലമ്പുഴയിൽ ബിജെപി അവിശ്വാസം തള്ളി; എൽഡിഎഫ്‌ ഭരണം തുടരും



മലമ്പുഴ > മലമ്പുഴ പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണസമിതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസം തള്ളി. അഞ്ചിനെതിരെ ആറ് വോട്ടിനാണ്‌ അവിശ്വാസം പരാജയപ്പെട്ടത്‌. പ്രത്യേകിച്ച്‌ കാരണം ബോധിപ്പിക്കാനില്ലാതെ രാഷ്‌ട്രീയ നേട്ടം ലക്ഷ്യമിട്ടാണ്‌ ബിജെപിക്കാർ അവിശ്വാസപ്രമേയം കൊണ്ടുവന്നത്‌.   റിട്ടേണിങ് ഓഫീസർ ബിഡിഒ നാരായണൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന വോട്ടെടുപ്പിൽ ആറ് എൽഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിനെതിരെ വോട്ട് ചെയ്‌തപ്പോൾ അഞ്ച് ബിജെപിക്കാർ അനുകൂലിച്ചു. രണ്ട് കോൺഗ്രസ്‌ അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പണാധിപത്യത്തിലൂടെ ആരെയും വിലയ്ക്കുവാങ്ങാമെന്ന ബിജെപിയുടെ വ്യാമോഹത്തിന് കിട്ടിയ തിരിച്ചടിയാണ് മലമ്പുഴ പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണസമിതിക്കെതിരായ അവിശ്വാസപ്രമേയത്തിന്റെ പരാജയമെന്ന്‌ സിപിഐ എം മുണ്ടൂർ ഏരിയ കമ്മിറ്റി പറഞ്ഞു. ഉത്തരേന്ത്യൻ മാതൃകയിൽ പണമെറിഞ്ഞ്‌ വശപ്പെടുത്തി ഭരണത്തിലെത്താമെന്ന വ്യാമോഹം ജനം മുളയിലേ നുള്ളി.   ആദിവാസി യുവതി നേതൃത്വം നൽകുന്ന ഭരണസമിതിയെ ഏതുവിധേനയും പുറത്താക്കാൻ തുടക്കംമുതൽ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ പഞ്ചായത്തിലെ ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി നിലയുറപ്പിച്ചപ്പോൾ ബിജെപിക്കാർ ഒറ്റപ്പെട്ടു. കുടിലതന്ത്രങ്ങളിലും പ്രലോഭനങ്ങളിലും വശംവദരാകാതെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ മൂല്യം ഉയർത്തിപ്പിടിച്ച മുഴുവൻ പേരെയും അഭിവാദ്യം ചെയ്യുന്നു. കഴിഞ്ഞ കാലങ്ങളിൽ സഹായിച്ച മുഴുവനാളുകളുടെയും സഹായ സഹകരണങ്ങൾ തുടർന്നുമുണ്ടാകണം. ബിജെപിയെ പടിക്കുപുറത്ത് നിർത്താൻ സഹായിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും അഭിവാദ്യം അർപ്പിക്കുന്നതായും ഏരിയ സെക്രട്ടറി സി ആർ സജീവ്‌ പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News