കീലേരി അച്ചുമാരുടെ മൗനം



ഗതാഗത നിയമലംഘനങ്ങൾ തടയാൻ 
എഐ കാമറകൾ സ്ഥാപിച്ചപ്പോൾ സർക്കാർ 
യാത്രക്കാരെ കൊള്ളയടിക്കുന്നു, വേട്ടയാടുന്നുവെന്നായിരുന്നു മാധ്യമങ്ങളുടെ കരച്ചിൽ.  
അപകടനിരക്ക്‌ കുറഞ്ഞതിന്റെ കണക്കുകൾ വന്നപ്പോൾ  ഞങ്ങളൊന്നുമറിഞ്ഞില്ലേ 
എന്ന മട്ടിലായി "ആന ചോരുന്നത്‌ കാണില്ല, കടുക്‌ ചോരുന്നതിൽ ആവലാതി.'  ഈ നാട്ടുന്യായമാണ്‌ മലയാള മാധ്യമങ്ങളുടെ നടപ്പുരീതി. രാജ്യത്തെ ലക്ഷക്കണക്കിന്‌ വിദ്യാർഥികളെഴുതിയ നെറ്റ്‌–-നീറ്റ്‌ പരീക്ഷകളുടെ ചോർച്ച മലയാള മാധ്യമങ്ങളിൽ വലിയ ചർച്ചയേ ആയില്ല. സുപ്രീംകോടതി അധികൃതരെ നിശിതമായി വിമർശിച്ചപ്പോൾ മാത്രമാണ്‌ ഒരു കോളമെങ്കിലും കൊടുക്കാൻ നിർബന്ധിതമായത്‌. അതേസമയം സ്‌കൂൾ ഓണപ്പരീക്ഷയുടെ ചോദ്യം യുട്യൂബിലോ എന്ന ‘ആശങ്ക ’നാല്‌ ചാനലുകൾ കുറേദിവസം ബ്രേക്കിങ്‌ ന്യൂസാക്കി. കെ എന്ന്‌ കേട്ടാൽ കലി കെ റെയിൽ, കെ ഫോൺ, കെ സ്‌റ്റോർ, കേരള ബാങ്ക്‌... കെ റെയിൽ... കെ എന്നു കേൾക്കുമ്പോൾ ശത്രുതാപരമായാണ്‌ മാധ്യമങ്ങളുടെ സമീപനം. കെ ഫോൺ പദ്ധതി അഴിമതിയാണെന്നും സിബിഐ അന്വേഷണത്തിന്‌ നിർദേശിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്‌ മുക്കാനും വലിയ ജാഗ്രത കാണിച്ചു.  ഒരു വാക്ക്‌ മിണ്ടാതെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ മൂന്നിൽ രണ്ടും ചെലവഴിച്ചത്‌ സംസ്ഥാന സർക്കാരാണെന്ന യാഥാർഥ്യം ജനങ്ങളിലെത്താതിരിക്കാൻ വലിയ ശ്രമം നടത്തി.  വിഴിഞ്ഞത്തിന്റെ തുടർ വികസനത്തിന്‌  5000 കോടി രൂപയുടെ പാക്കേജ്‌ സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഒരു രൂപ പോലും അനുവദിക്കാത്തത്‌ വാർത്തയേ അല്ലായിരുന്നു. വായ്‌പാ പരിധി കൂട്ടണമെന്ന ആവശ്യം തള്ളിയപ്പോഴും സിൽവർ ലൈൻ, ശബരിപാത, ശബരിമല വികസനം എന്നിവയ്‌ക്ക്‌ കേന്ദ്രം അനുമതി നൽകാത്തതിലും മൗനവ്രതം തന്നെ.    വയനാട്‌ ഉരുൾപൊട്ടലും ഇല്ലാത്ത ക്വാറിയും കേരളത്തിനെതിരെ വ്യാജ വാർത്ത ചമയ്ക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ പ്രവർത്തകരെയും ശാസ്ത്രജ്ഞരെയും സമീപിച്ചു എന്ന വാർത്ത ഭൂതക്കണ്ണാടി വച്ചാലും മലയാള മാധ്യമങ്ങളിൽ കാണില്ല. എന്നാൽ ക്വാറികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുൾപൊട്ടലുണ്ടായതെന്ന മട്ടിൽ വാർത്ത നൽകാൻ വലിയ ഉത്സാഹംകാട്ടി. ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം വനമേഖല ഹൈ ഹസാർഡ് സോണിൽ വരുന്നതിനാൽ സമീപത്തൊന്നും ക്വാറിക്ക്‌ പ്രവർത്തനാനുമതി നൽകിയിട്ടില്ല എന്നതാണ്‌ വസ്‌തുത.  വയനാട്ടിൽ കാലാവസ്ഥാ മുന്നറിയിപ്പ്‌ അവഗണിച്ചെന്ന കേന്ദ്രമന്ത്രി അമിത്‌ഷായുടെ പ്രസ്താവനയ്ക്ക്‌ വലിയ പ്രധാന്യം നൽകാനായി ശ്രമം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ച്‌ വസ്തുത നിരത്തിയപ്പോൾ കേന്ദ്രം ഫലപ്രദമായി മുന്നറിയിപ്പ്‌ നൽകിയില്ലെന്ന്‌  വ്യക്തമായതോടെ മാധ്യമങ്ങൾക്ക്‌ മിണ്ടാട്ടവുമില്ല. പാലക്കാട്ടെ കവളപ്പാറ മലപ്പുറമാക്കി ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും 10 കിലോമീറ്റർ ചുറ്റളവിൽ ഒറ്റ ക്വാറിയില്ല. എന്നാൽ മലപ്പുറത്തേതെന്ന്‌ പറഞ്ഞ്‌ പാലക്കാട് ഒറ്റപ്പാലത്തുള്ള കവളപ്പാറയാണ്‌ കുറ്റംപറയാൻ മാധ്യമങ്ങൾ അവതരിപ്പിച്ചത്‌. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ കോഴ ആരോഗ്യമന്ത്രിയുടെ പിഎ, നിയമനത്തിന്‌ കോഴ വാങ്ങിയെന്ന്‌ റിപ്പോർട്ടർ ചാനൽ വാർത്ത നൽകി. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട്‌ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വ്യാജ ആരോപണമെന്ന് പൊലീസ്‌ കണ്ടെത്തി. ആരോഗ്യമന്ത്രിയുടെ ഓഫീസിനോ സ്റ്റാഫിനോ ഇക്കാര്യത്തിൽ യാതൊരു പങ്കും ഇല്ലെന്നും വ്യക്തമായി. ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസൻ സെക്രട്ടറിയറ്റിന്‌ മുമ്പിൽ എത്തിയതല്ലാതെ അകത്തേയ്‌ക്ക്‌ കയറിയിട്ട്‌ പോലുമില്ലെന്ന്‌ വ്യക്തമാക്കുന്ന സിസിടിവിയടക്കമുള്ള തെളിവുകളും പുറത്തുവന്നു. ആമയിഴഞ്ചാൻ തോട്ടിലെ "വാർത്താ മാലിന്യം' ജൂലൈ 13 നാണ്‌ ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്ത്‌ ശുചീകരണത്തിന്‌ ഇറങ്ങിയ തൊഴിലാളി ജോയി മലിനജലത്തിൽ മുങ്ങിമരിച്ചത്‌. സംഭവത്തിൽ റെയിൽവേയുടെ വീഴ്‌ച മറച്ചുവച്ച്‌ സംസ്ഥാന സർക്കാരിനെയും കോർപറേഷനെയും കുറ്റപ്പെടുത്താനായിരുന്നു മാധ്യമങ്ങളുടെ ശ്രമം.  റെയിൽവേ ചുമതലപ്പെടുത്തിയ കരാറുകാരനാണ്‌ ജോയിയെ ശുചീകരണത്തിന്‌ നിയോഗിച്ചതെന്ന വസ്‌തുത പറയാൻ മാധ്യമങ്ങൾ മടിച്ചു. എഐ കാമറക്കെതിരെ പുകമറ ഗതാഗത നിയമലംഘനങ്ങൾ തടയാൻ എഐ കാമറകൾ സ്ഥാപിച്ചപ്പോൾ സർക്കാർ യാത്രക്കാരെ കൊള്ളയടിക്കുന്നു, വേട്ടയാടുന്നുവെന്നായിരുന്നു മാധ്യമങ്ങളുടെ കരച്ചിൽ. പ്രതിപക്ഷം വ്യാജ അഴിമതിയാരോപണം ഉന്നയിച്ചപ്പോൾ അത് വലിയരീതിയിൽ ഏറ്റുപിടിച്ചു. എന്നാൽ എഐ കാമറ സ്ഥാപിച്ചതിനുശേഷം അപകട നിരക്ക്‌ കുറഞ്ഞതിന്റെ കണക്കുകളും വന്നതോടെ മാധ്യമങ്ങൾ ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലായി.   എഐ കാമറയുടെ മികവ്‌ പഠിക്കാൻ ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങൾ എത്തിയപ്പോൾ ജാള്യത മറച്ചുവയ്‌ക്കാനായി ശ്രമം.   തൊലിക്കട്ടി അപാരം വീണാ വിജയൻ സ്വകാര്യ കമ്പനിയിൽനിന്ന്‌ മാസപ്പടി വാങ്ങുന്നുവെന്ന കള്ളം മലയാള മനോരമയാണ്‌ വാർത്തയാക്കിയത്‌. പിന്നാലെ പ്രതിപക്ഷത്തിന്റെ സമരകോലാഹലമായി. യാതൊരു തെളിവുമില്ലാത്ത ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി വിജിലൻസ്‌ കോടതി തള്ളിയതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. എന്നിട്ടും ഈ നുണ ആവർത്തിച്ച്‌ തൊലിക്കട്ടി കാണിക്കുകയാണ്‌ മാധ്യമങ്ങൾ. ബിൽ വിധിയിൽ നിശ്ശബ്ദം , വിസി വിധിയിൽ അർമാദം ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെതിരെ സുപ്രീംകോടതി അടിക്കടി നടത്തിയ പരാമർശങ്ങളോടും ഉത്തരവിനോടും നിശ്ശബ്ദത പാലിച്ച മാധ്യമങ്ങൾ കണ്ണൂർ വിസി സംബന്ധിച്ച വിധി വന്നപ്പോൾ അത്യാഹ്ലാദിച്ചു. ഗവർണറുടെ നിലപാടുകളെ വിമർശിച്ചാൽ അത്‌ സർക്കാരിനും എൽഡിഎഫിനും അനുകൂലമാകുമെന്ന്‌ കരുതിയായിരുന്നു നിശ്ശബ്ദത. (അവസാനിക്കുന്നില്ല) Read on deshabhimani.com

Related News