റഷ്യൻ സർവകലാശാലയിൽ മലയാളം പഠിപ്പിക്കും
തിരുവനന്തപുരം റഷ്യയിലെ പ്രശസ്തമായ സെന്റ് പീറ്റേഴ്സ്ബർഗ് സർവകലാശാലയിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനുമായി പുതിയ കോഴ്സ് ആരംഭിക്കുന്നു. കേരള സർവകലാശാലയുമായി സഹകരിച്ചാണ് ബിരുദ വിദ്യാർഥികൾക്കായി കോഴ്സ് നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച സെന്റ് പീറ്റേഴ്സ്ബർഗ് സർവകലാശാലയുടെ സമ്മതപത്രം റഷ്യയുടെ ഓണററി കോൺസലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന് കൈമാറി. ഇരു സർവകലാശാലയും ഒപ്പിട്ട ധാരണപത്രം അനുസരിച്ച് റഷ്യൻ സർവകലാശാലയിലെ മലയാള അധ്യാപകർക്കുള്ള പരിശീലനം കേരള സർവകലാശാലയിൽ നൽകും. പദ്ധതിയുടെ ഭാഗമായി റഷ്യയിലെ അധ്യാപകരും വിദ്യാർഥികളും കേരളവും, ഇവിടെനിന്നുള്ള അധ്യാപകരും വിദ്യാർഥികളും റഷ്യയും സന്ദർശിക്കും. റഷ്യയിലെ സർവകലാശാലകളിൽനിന്നുള്ള സഹകരണം കൂടുതൽ ദൃഢമാക്കുമെന്ന് രതീഷ് നായർ പറഞ്ഞു.കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷിജു ഖാൻ, അഡ്വ. ജി മുരളീധരൻ, ഡോ. എസ് നസീബ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com