56 വർഷംമുമ്പ്‌ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

തകർന്നു വീണ വിമാനത്തിന്റെ ഭാഗങ്ങൾ (ഫയൽ ചിത്രം)


പത്തനംതിട്ട 56 വർഷം മുമ്പ്‌ സൈനിക വിമാനം തകർന്ന്‌ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇലന്തൂർ ഒടാലിൽ ഒ എം തോമസിന്റെയും ഏലിയാമ്മയുടെയും മകൻ തോമസ് ചെറിയാന്റെ മൃതദേഹമാണ്‌ ലേ ലഡാക്കിലെ മഞ്ഞുമലയിൽനിന്ന് കണ്ടെത്തിയത്‌. കുടുംബത്തിന്‌ തിങ്കൾ രാത്രി ഏഴോടെ ആറന്മുള പൊലീസ്‌ സ്‌റ്റേഷൻ മുഖേനയും പിന്നീട്‌ സൈന്യത്തിൽനിന്നും അറിയിപ്പ്‌ വന്നു. 1968 ഫെബ്രുവരി ഏഴിന്‌ 102 പേരുമായി ചണ്ഡീഗഢിൽനിന്ന്‌ ലേയിലേക്ക്‌ പോയ വിമാനമാണ്‌ തകർന്നത്‌. 22കാരനായ തോമസ്‌ പരിശീലനം പൂർത്തിയാക്കി ക്രാഫ്‌റ്റ്‌സ്‌മാൻ പോസ്‌റ്റിങ്ങിന്‌ പോവുകയായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽനിന്ന് എസ്‌എസ്‌എൽസിയും കോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റിയും നേടിയ തോമസ്‌ അവിവാഹിതനായിരുന്നു. തോമസ് തോമസ്, തോമസ് വർഗീസ്, മേരി വർഗീസ്, പരേതനായ തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ഇലന്തൂരിൽ എത്തിച്ച്‌ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്‌സ്‌ പള്ളിയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. നാല്‌ മൃതദേഹങ്ങളാണ്‌ ഇന്ത്യൻ സൈന്യത്തിന്റെ ഡോഗ്ര സ്കൗട്ട്‌സിന്റെയും തിരംഗ മൗണ്ടെയ്‌ൻ റെസ്ക്യൂവിന്റെയും സംയുക്ത തിരച്ചിലിൽ കണ്ടെത്തിയത്‌. മാൽഖൻ സിങ്‌, നാരായണൻ സിങ്‌ എന്നിവരാണ്‌ മറ്റുള്ളവർ. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. 2019ലും ഇവിടെ നിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. Read on deshabhimani.com

Related News