ഐഎഫ്എഫ്കെ; മികച്ച ചിത്രമായി ‘മലു’, പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’
തിരുവനന്തപുരം > 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ബ്രസീലിയൻ സിനിമയായ ‘മലു’വിന്. ‘മീ മറിയം ആൻഡ് ദി ചിൽഡ്രൻ ആൻഡ് 26 അദേഴ്സ്’ സിനിമയുടെ സംവിധായകനായ ഫർഷദ് ഹഷേമിക്കാണ് മികച്ച സംവിധായകനുള്ള രജത ചകോരം ലഭിച്ചത്. ഇന്റർനാഷണൽ കോംപറ്റീഷനിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരവും ഫെമിനിച്ചി ഫാത്തിമക്കാണ്. മികച്ച സിനിമയായി പ്രേക്ഷകർ തെരഞ്ഞെടുത്തതും ‘ഫെമിനിച്ചി ഫാത്തിമ’യെയാണ്. ഓൾ വി ഇമാജിൻ ഏസ് ലൈറ്റിന്റെ സംവിധായിക പായൽ കപാഡിയക്കാണ് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം. കെ ആർ മോഹനനൻ എൻഡോവ്മെന്റ് അവാർഡ് പ്രത്യേക പരാമർശം ‘ഫെമിനിച്ചി ഫാത്തിമ’ സിനിമയുടെ സംവിധായകനായ ഫാസിൽ മുഹമ്മദിനും ലഭിച്ചു. മികച്ച ഏഷ്യൻ ചിത്രമായി ‘മീ മറിയം ആൻഡ് ദി ചിൽഡ്രൻ ആൻഡ് 26 അദേഴ്സിനെയും’ തെരഞ്ഞെടുത്തു. അപ്പുറം സിനിമയുടെ സംവിധായികയായ ഇന്ദു ലക്ഷ്മിയാണ് മികച്ച നവാഗത സംവിധായിക. മികച്ച നവാഗത മലയാള സിനിമ സംവിധായികക്കുള്ള പുരസ്കാരം ‘വിക്‌ടോറിയ’ ഒരുക്കിയ ശിവരഞ്ജിനിക്ക് ലഭിച്ചു. 29-ാമത് ഐഎഫ്എഫ്കെ മികച്ച ദൃശ്വാനുഭവമാണ് നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിച്ചാണ് മേള സംഘടിപ്പിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് 29-ാമത് ഐ എഫ് എഫ് യുടെ ഔദ്യോഗിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിച്ചാണ് മേള സംഘടിപ്പിച്ചത്. പ്രദർശിപ്പിച്ച 40 ൽ പരം സിനിമകൾ വനിത സംവിധായകരുടെതാണ്. പി കെ റോസിയെ സിഗ്നേച്ചർ ഫിലിമിലൂടെ ആദരിച്ചു. മേള ഐക്യത്തിന്റെയും ഒരുമയുടെയും വേദിയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും അവകാശങ്ങൾക്ക് ഒപ്പമാണ് ഈ മേള നിന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. Read on deshabhimani.com