പ്രിയനടൻ മാമുക്കോയ ഇനി ഓർമ ; ഖബറടക്കം ഇന്ന് രാവിലെ 10ന്‌ 




കോഴിക്കോട്‌   മലയാള സിനിമയിൽ ചിരി പടർത്തിയ നടൻ മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്‌ മേയ്‌ത്ര ആശുപത്രിയിൽ ബുധൻ പകൽ 1.10 ന്‌ ആയിരുന്നു മരണം. തിങ്കൾ രാത്രി മലപ്പുറം വണ്ടൂർ പൂങ്ങോട്‌ ഫുട്‌ബോൾ ടൂർണമെന്റ്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അർബുദബാധയെ അതിജീവിച്ചാണ്‌  സിനിമയിൽ വീണ്ടും സജീവമായത്‌. ഭാര്യയും മക്കളും മരുമക്കളും ഉൾപ്പെടെയുള്ളവർ അന്ത്യനിമിഷം ഒപ്പമുണ്ടായി. കോഴിക്കോട്‌ ടൗൺഹാളിൽ ബുധൻ വൈകിട്ട്‌ പൊതുദർശനത്തിനുവച്ചു. തുടർന്ന്‌ ബേപ്പൂർ അരക്കിണർ "അൽസമാസ്' വീട്ടിലേക്ക്‌ കൊണ്ടുപോയി. വ്യാഴം രാവിലെ  പത്തിന്‌ കണ്ണംപറമ്പ്‌ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിലാണ്‌ ഖബറടക്കം.  കല്ലായിയിൽ മരം അളവുകാരനായും നാടകനടനായും ജീവിതം തുടങ്ങി വെള്ളിത്തിരയിലെത്തിയ മാമുക്കോയ നാലുപതിറ്റാണ്ടിനിടെ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. ‘ഇന്നത്തെ ചിന്താവിഷയ’ത്തിലെ അഭിനയത്തിന്‌ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. നിലമ്പൂർ ബാലന്റെ ‘അന്യരുടെ ഭൂമി’യാണ്‌ ആദ്യചിത്രം. ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന്‌ സംസ്ഥാന  ജൂറിയുടെ പ്രത്യേക പരാമർശം നേടി. നായകകഥാപാത്രത്തെ അവതരിപ്പിച്ച "ഉരു'വാണ്‌ അവസാനം പുറത്തിറങ്ങിയ ചിത്രം. ബഷീറിനെക്കുറിച്ചുള്ള ‘ചോന്നമാങ്ങ’ ഡോക്യുഫിക്‌ഷനിലാണ്‌ ഒടുവിൽ അഭിനയിച്ചത്‌. മാമുക്കോയ എന്ന പേരിൽ താഹ മാടായി ജീവചരിത്രം രചിച്ചിട്ടുണ്ട്‌. അബുദാബി കലാരത്നം പുരസ്കാരമടക്കമുള്ള ബഹുമതികൾ നേടി. ഫ്രഞ്ച്‌ ഭാഷാ സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌. മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലാണ്‌ ജനനം.  ഭാര്യ: സുഹ്റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്. മരുമക്കൾ: ജസി, ഹബീബ്‌ (കോഴിക്കോട്‌), സക്കീർ ഹുസൈൻ (കെഎസ്‌ഇബി, വെസ്‌റ്റ്‌ഹിൽ), ഫസ്‌ന (പുറമേരി).   Read on deshabhimani.com

Related News