കപ്പലിൽനിന്ന്‌ മലയാളി യുവാവിനെ കാണാതായി



അമ്പലപ്പുഴ > ഒഡിഷയിൽനിന്ന് ചൈനയിലേക്ക് ചരക്കുമായി പോയ കപ്പലിൽനിന്ന്‌ മലയാളി യുവാവിനെ കാണാതായി. പുന്നപ്ര വടക്ക് പഞ്ചായത്ത് 10–--ാം വാർഡ് വൃന്ദാവനത്തിൽ ബാബു തിരുമലയുടെയും സിന്ധുവിന്റെയും മകൻ വിഷ്‌ണു ബാബുവിനെ (25) കാണാതായതായാണ്‌ ബന്ധുക്കൾക്ക്‌ വിവരം ലഭിച്ചത്‌.  മെയ് 25നാണ് വിഷ്‌ണു ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ബുധൻ രാത്രി 7.05 ഓടെ  ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. വിഷ്‌ണു ഉൾപ്പടെ 19 മർച്ചന്റ്‌ നേവി  ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.  വ്യാഴം രാവിലെ കപ്പലിലെ സെക്കൻഡ്‌ ക്യാപ്റ്റന്റെ ക്യാബിനിൽ ഇവർ പതിവ് റിപ്പോർട്ടിങ്ങിന് വിഷ്‌ണു എത്താതിനാൽ നടത്തിയ തെരച്ചിലിൽ കപ്പലിന്റെ ഡെക്കിൽ വിഷ്‌ണുവിന്റെ ചെരിപ്പുകൾ കണ്ടെത്തി. അന്വേഷണത്തിൽ വിഷ്‌ണുവിന്റെ ഫോൺ ക്യാബിനിൽനിന്ന് കണ്ടെത്തി. എന്നാൽ വിഷ്‌ണുവിനെ കണ്ടെത്താനായില്ലെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഇന്ധനം നിറയ്‌ക്കാൻ വ്യാഴാഴ്‌ച കപ്പൽ സിംഗപ്പുർ തുറമുഖത്തേക്ക്‌ പോകുന്നതിനിടെയാണ് സംഭവം. സിംഗപ്പുർ ഗവൺമെന്റ്‌ കപ്പൽ കസ്‌റ്റഡിയിലെടുത്തു. വിഷ്‌ണുവിന്റെ സഹപ്രവർത്തകരെയും കപ്പലിലെ മറ്റ് ജീവനക്കാരെയും ചോദ്യംചെയ്‌തെങ്കിലും വിഷ്‌ണുവിന് എന്താണ് സംഭവിച്ചതെന്ന്‌ അറിയില്ലെന്ന വിവരമാണ് ലഭിച്ചതെന്ന്‌ ബന്ധുക്കൾ പറഞ്ഞു. Read on deshabhimani.com

Related News