80 മെഗാവാട്ട് മാങ്കുളം പദ്ധതി: 2.5 കി.മീ തുരങ്കനിർമാണം അന്ത്യഘട്ടത്തിൽ, വ്യാഴാഴ്‌ച തുറക്കും
ഇടുക്കി > രണ്ട്‌ഘട്ടങ്ങളിലായി 80 മെഗാവാട്ട് ശേഷിയുള്ള മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ രണ്ടര കി.മീ തുരങ്ക നിർമാണം അന്ത്യഘട്ടത്തിൽ. ഇനി ശേഷിക്കുന്നത്24 മീറ്റർ മാത്രം. ഒരു ദിവസംകൂടി കഴിയുമ്പോൾ പാറതുരന്ന് തുരങ്കമുണ്ടാക്കൽ ദൗത്യം കെഎസ്ഇബി മാങ്കുളം ജലവൈദ്യുത പദ്ധതിയിലെ ഉദ്യോഗസ്ഥരും കരാറുകാരനും പൂർത്തിയാക്കും. തീരുമാനിച്ചിരുന്നതിലും നാലുമാസം നേരത്തെയാണ് ഈ മുഖ്യ തുരങ്കം പൂർത്തിയാക്കി വ്യാഴാഴ്‌ച തുറക്കുന്നത്. റ്റാംറോക്ക് എന്ന പ്രത്യേക യന്ത്രസംവിധാനത്തിന്റെ സഹായത്തോടെയാണ് ടണൽ നിർമാണം പുരോഗമിക്കുന്നത്. ടണൽ ഡ്രൈവിംഗ് ജോലികൾ 10ന് അവസാനിക്കും. കുറത്തിക്കുടിയിൽ വിഭാവനം ചെയ്തിരിക്കുന്ന പവർ ഹൗസിലേക്കുള്ള റോഡിലെ പുതിയ പെരുമ്പൻകുത്ത് പാലം, 511 മീറ്റർ നീളമുള്ള പ്രഷർ ഷാഫ്‌റ്റ്, 94 മീറ്റർ നീളത്തിൽ അഡിറ്റ് ടണൽ, രണ്ട് കി. മീറ്റർ നീളത്തിൽ അഡിറ്റിലെക്കുള്ള വനപാത, 110 മീറ്റർ നീളമുള്ള ലോ പ്രഷർ ഷാഫ്‌ട്, 90 മീറ്റർ ആഴമുള്ള സർജും മാങ്കുളം പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. സ്ഥലമെടുപ്പ് ഒരുവർഷം മുമ്പേ പൂർത്തിയായിരുന്നു. 51° ഡിഗ്രി ചരിവിലുള്ള തുരങ്കത്തിൻ്റെ 230 മീറ്റർ ഭാഗം കൂടി പൂർത്തിയായാൽ പദ്ധതിയുടെ ജലനിർഗമന സംവിധാനത്തിന്റെ ഡ്രൈവിങ് പ്രവൃത്തികൾ പൂർണമാകും. ആദ്യഘട്ടം 40 മെഗാവാട്ട് പദ്ധതി 2026 ൽ കമീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കൂട്ടായ കഠിനാധ്വാനവും ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതയും മാങ്കുളത്തെ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവുമാണ് റെക്കോർഡ് വേഗത്തിൽ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന്കരുത്ത് പകരുന്നത്. Read on deshabhimani.com