നെഞ്ചുലഞ്ഞ് യാത്രാമൊഴി ; കണ്ണീരോടെ വിട നൽകി നാട്
മണ്ണാർക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയംപാടത്ത് ലോറി ദേഹത്തേക്കു മറിഞ്ഞ് മരിച്ച പിഞ്ചോമനകൾക്ക് നാട് കണ്ണീരോടെ വിട നൽകി. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാംക്ലാസ് വിദ്യാർഥിനികളായ കെ എം നിദ ഫാത്തിമ, പി എ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, എ എസ് ഐഷ എന്നിവരാണ് പരീക്ഷകഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകവേ അപകടത്തിൽ മരിച്ചത്. ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം വെള്ളി രാവിലെ 6.15ന് മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. രണ്ടുമണിക്കൂർ പൊതുദർശനത്തിനുശേഷം നാലുപേരുടെയും മൃതദേഹം കരിമ്പനയ്‌ക്കൽ ഹാളിലെത്തിക്കുമ്പോൾ നാടിന്റെ നാനാതുറകളിൽനിന്ന് ആയിരങ്ങളാണ് കുരുന്നുകളെ ഒരുനോക്ക് കാണാനെത്തിയത്. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എം ബി രാജേഷും വിദ്യാഭ്യാസ വകുപ്പിനുവേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസും അന്തിമോപചാരമർപ്പിച്ചു. മന്ത്രി കെ കൃഷ്‌ണൻകുട്ടി, കലക്ടർ എസ് ചിത്ര, എംഎൽഎമാരായ കെ ശാന്തകുമാരി, പി പി സുമോദ്, പി കെ കുഞ്ഞാലിക്കുട്ടി, രാഹുൽ മാങ്കൂട്ടത്തിൽ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, ബിഷപ്പ് പീറ്റർ കൊച്ചുപുരയ്‌ക്കൽ എന്നിവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. പകൽ 10.30ന് തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കി. മന്ത്രി കെ രാജൻ കുട്ടികളുടെ വീടുകളിലെത്തി അനുശോചനമറിയിച്ചു. Read on deshabhimani.com