ഗോത്രത്തനിമയിൽ ‘മറയൂർ മധുരം’



മറയൂർ > പാരമ്പര്യത്തിന്റെ വിശ്വാസ്യതയും അനുഭവസമ്പത്തിന്റെ ശുദ്ധിയും ഇനി മറയൂർ ശർക്കരയ്ക്ക് ഇരട്ടിമധുരം പകരും. ശർക്കര നിർമാണത്തിന്റെ വിവിധതലങ്ങളിൽ പരമ്പരാഗതമായി ഏർപ്പെട്ടിരുന്ന മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗത്തിന്റെ സ്വന്തം ബ്രാൻഡ് "മറയൂർ മധുര’മെന്ന പേരിൽ വിപണിയിലെത്തും. വെള്ളിയാഴ്‌ച ദണ്ടുക്കൊമ്പ് നഗറിൽ ശർക്കര നിർമാണ യൂണിറ്റ്‌ മന്ത്രി ഒ ആർ കേളു നാടിന്‌ സമർപ്പിക്കും. ദേവികുളം എംഎൽഎ അഡ്വ. എ രാജ അധ്യക്ഷനാകും. പട്ടികവർഗ വിഭാഗത്തിന്റെ പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച- ‘സഹ്യകിരൺ’ പദ്ധതിയിലുൾപ്പെടുത്തിയാണ്‌ ശർക്കര നിർമാണ യൂണിറ്റ്‌ യാഥാർഥ്യമാക്കിയത്‌. കേന്ദ്ര എസ്‌സിഎടിഎസ്എസ് ഫണ്ട് ഉപയോഗപ്പെടുത്തി സംസ്ഥാന പട്ടികവർഗ വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്‌. പട്ടികവർഗ അംഗങ്ങൾ നിയന്ത്രിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം. കരിമ്പുകൃഷി മുതൽ ശർക്കര നിർമാണത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ചെയ്‌തിരുന്ന 150 കുടുംബങ്ങളെ ഉൾപ്പെടുത്തി ‘മറയൂർ–കാന്തല്ലൂർ ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി’ രൂപീകരിച്ചു. 25 ഓളം പേർക്ക് പ്രത്യക്ഷത്തിലും 300 പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ സംരംഭത്തിന് കഴിയുമെന്നാണ്‌ പ്രതീക്ഷ. ഗുണനിലവാരമുള്ള ശർക്കര വിപണിയിലെത്തിക്കാനും പ്രാദേശിക കരിമ്പുകർഷകർക്ക്‌ ന്യായവില ഉറപ്പാക്കാനും ഇതിലൂടെ കഴിയും. പ്രതിദിനം 1000 കിലോ ശർക്കര ഉൽപ്പാദിപ്പിക്കാനാകും. ചില്ലറ വിപണിയെയാണ്‌ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിനായി പ്രമുഖ റീട്ടെയിൽ ശൃംഖലകളുമായി ചർച്ചകൾ നടക്കുന്നുണ്ട്‌. "മറയൂർ മധുര’ത്തിന്റെ ശർക്കര ഓണം വിപണിയിലെത്തിക്കാനാകുമെന്ന്‌ അധികൃതർ പറയുന്നു. Read on deshabhimani.com

Related News