പെൺകുട്ടികൾക്ക്‌ വിവാഹപ്പേടി, വിമുഖത



കോഴിക്കോട്‌ കേരളത്തിലെ അഭ്യസ്‌തവിദ്യരായ പെൺകുട്ടികൾക്ക്‌  ‘വിവാഹപ്പേടി’യും  കുടുംബജീവിതത്തോട്‌ വിമുഖതയുമെന്ന്‌ പഠനം. വിവാഹം നീട്ടിവയ്‌ക്കുന്നതും വേണ്ടെന്നുവയ്‌ക്കുന്നതും സമീപഭാവിയിൽ കേരളത്തിന്റെ  ‘വളർച്ച’ മുരടിപ്പിക്കുമെന്ന്‌ പ്രമുഖ മനോരോഗവിദഗ്‌ധനായ ഡോ. എ ടി നിതിൻ നടത്തിയ പഠനം പറയുന്നു. സമീപഭാവിയിൽ ഇതിന്റെ പ്രതിഫലനം സാമ്പത്തിക,- സാമൂഹിക മേഖലകളിൽ ദൃശ്യമാവുമെന്ന്‌ തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ സൈക്കോളജിസ്‌റ്റായ ഡോ. നിതിന്റെ പഠനം വ്യക്തമാക്കുന്നു. യുവാക്കൾക്ക്‌ പെണ്ണുകിട്ടാത്ത സാഹചര്യം മുൻനിർത്തിയായിരുന്നു പഠനം. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള വിമുഖത, ഗർഭം ധരിക്കുന്നതിനുള്ള താൽപ്പര്യക്കുറവ്, കുട്ടികളെ വളർത്തുന്നതിനുള്ള മടി തുടങ്ങിയവയാണ്‌  വിവാഹപ്പേടിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. പെൺകുട്ടികളിൽ ഭൂരിഭാഗം പേരും ചെറുപ്രായത്തിൽ വിവാഹത്തിന്‌ സന്നദ്ധമല്ല. സാമ്പത്തികമായി സുരക്ഷിതമാവുന്നതിനും തനിച്ചുള്ള ജീവിതത്തിന്റെ സ്വാതന്ത്ര്യം പരിഗണിച്ചുമാണിത്‌.   കേരളത്തിലെ പ്രമുഖ മാട്രിമോണിയൽ സ്ഥാപനങ്ങൾ, വെബ്സൈറ്റുകൾ, വർഷങ്ങളായി മാട്രിമോണിയൽ രംഗത്ത്‌ പ്രവർത്തിക്കുന്നവർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. 31 മുതൽ 98 ശതമാനംവരെ പെൺകുട്ടികൾ വിവാഹത്തിന് താൽപ്പര്യപ്പെടുന്നില്ലെന്നാണ് പഠനം പറയുന്നത്‌. വിവാഹവും കുടുംബജീവിതവും വലിയ ദുരന്തമാണെന്ന പ്രചാരണം പെൺകുട്ടികളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്‌.  കുടുംബപ്രശ്നങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും സാമാന്യവൽക്കരിച്ചുള്ള വാർത്തകളും സിനിമകളും സമൂഹമാധ്യമങ്ങളും സ്വാധീനിക്കുന്നു. നല്ല ബന്ധങ്ങൾക്കായുള്ള കാത്തിരിപ്പും വിവാഹം വൈകിപ്പിക്കുന്നു.  വൈകിയുള്ള വിവാഹം ഗർഭം ധരിക്കാനുള്ള സാധ്യത കുറയുന്നതിനാൽ കുട്ടികളുടെ എണ്ണം കുറയുന്നതിന്‌ കാരണമാകുന്നു. ഇത്‌ കുടുംബഘടനയിലും സമൂഹഘടനയിലും മാറ്റം സൃഷ്ടിക്കുമെന്നും പഠനത്തിലുണ്ട്‌.   Read on deshabhimani.com

Related News