പുതുപാതയിൽ, ഹാപ്പി ക്രിസ്‌മസ്‌



കാസർകോട്‌ > ദേശീയപാത 66ൽ ആദ്യറീച്ചായ തലപ്പാടി– ചെങ്കള പാതയുടെ നിർമാണം 79 ശതമാനം പൂർത്തിയായി. ഡിസംബറിൽ തുറക്കാനാകുമെന്ന്‌ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സൊസൈറ്റി അധികൃതർ അറിയിച്ചു. 39 കിലോമീറ്റർ ദൂരമുള്ള ഈ റീച്ച്‌ 1703 കോടി ചെലവിലാണ്‌ പണിതത്‌. യുഡിഎഫ്‌ കാലത്ത്‌ ഉപേക്ഷിച്ച പദ്ധതിക്ക്‌ ആദ്യ പിണറായി സർക്കാർ സ്ഥലമേറ്റെടുപ്പിന്‌ 25 ശതമാനം പണം നൽകിയതോടെയാണ്‌ കുതിപ്പായത്‌. കൗതുകമായി ഒറ്റത്തൂൺ മേൽപ്പാലം ദേശീയപാതയ്‌ക്ക്‌  ഇരുഭാഗത്തുമായി 70 കിലോമീറ്റർ സർവീസ്‌ റോഡുമുണ്ട്‌. 6.75 മീറ്റർ വീതിയുള്ള സർവീസ്‌ റോഡിൽ ഇരുഭാഗത്തേക്കും യാത്ര സാധ്യമാക്കും. ഇതിന്റെ വശത്ത്‌ ബസ്ബേയും പണിയും. റീച്ചിലെ ഏറ്റവും വലിയ നിർമാണമായ കാസർകോട്‌ ടൗൺ മേൽപ്പാലം പണി ഒക്ടോബർ 20ന്‌ പൂർത്തിയാകും. 1.13 കിലോമീറ്ററുള്ള ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപ്പാലമാണിത്‌. 2021 നവംബർ 18നാണ്‌ പാത നിർമാണം തുടങ്ങിയത്‌. മൊത്തം 45 മീറ്റർ വീതിയിലുള്ള പാതയിൽ 27 മീറ്റർ വീതിയിലാണ്‌ ആറുവരി പ്രധാനറോഡ്‌. സർവീസ്‌ റോഡ്‌ ഭാഗത്തിന്‌ 18 മീറ്ററും. 3.5 മീറ്ററാണ്‌ ആറുവരിപ്പാതയിലെ ഒരുപാതയുടെ വീതി. ആദ്യറീച്ചിൽ പാലത്തിന്റെ സമീപ റോഡുകൾ, ഉപ്പള മേൽപ്പാലം, കൈക്കമ്പ എന്നിവിടങ്ങളിലാണ്‌ പ്രധാനമായും പണി ബാക്കിയുള്ളത്‌. 25 കിലോമീറ്റർ തെരുവുവിളക്ക്‌ സ്ഥാപിച്ച്‌ റോഡ്‌ മാർക്കിങ്ങും കഴിഞ്ഞാൽ പാത സജ്ജമാകും. സ്ഥലം ഏറ്റെടുക്കുന്ന തർക്കം കാരണം കേസുള്ളതിനാൽ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡിൽ രണ്ടും നുള്ളിപ്പാടിയിലും മൊഗ്രാലിലും  ഓരോ കെട്ടിടവും റോഡരികിൽ പൊളിച്ചുമാറ്റാനുണ്ട്‌. Read on deshabhimani.com

Related News