ഓണവിപണി 
കീഴടക്കാൻ മിൽമ ; 120 ഉൽപ്പന്നങ്ങൾ വിപണിയിലെത്തും



കൊച്ചി ഓണവിപണി ലക്ഷ്യമിട്ട്‌ കൂടുതൽ ഉൽപ്പന്നങ്ങളുമായി മിൽമ. ഷുഗർ ഫ്രീ ഐസ്ക്രീം, ഷുഗർ ഫ്രീ പേഡ എന്നിവ ഉൾപ്പെടെ 75 ഇനം ഐസ്ക്രീമും അഞ്ചിനം പേഡയും പനീറും പാലടയുമടക്കം 120 ഉൽപ്പന്നങ്ങൾ വിപണിയിലെത്തും. തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശൂർ എന്നിവിടങ്ങളിലെ ഡെയറികളിൽനിന്ന് പാലും തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറി കേന്ദ്രീകരിച്ച് പാൽ ഉൽപ്പന്നങ്ങളും എത്തിക്കും. വിൽപ്പനക്കാർക്ക് പ്രോത്സാഹനമായി തൈരിനും പാലിനും പ്രത്യേക ഓണക്കാല ഇൻസെന്റീവും ഉണ്ടാകും. എറണാകുളം മേഖലാ യൂണിയനുകീഴിൽ എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലായി പ്രവർത്തിക്കുന്ന 934 ക്ഷീരസംഘങ്ങളിൽ ഓണക്കാലത്ത്‌ വിൽപ്പന വർധിച്ചേക്കും. അത്തംമുതൽ തിരുവോണംവരെ പത്തുദിവസം 56 ലക്ഷം ലിറ്റർ പാൽ, എട്ടുലക്ഷം പാക്കറ്റ് തൈര്, 80000 കിലോ നെയ്യ്‌ എന്നിവയുടെ വിൽപ്പനയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ മിൽമ മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ അറിയിച്ചു. പാൽസംഭരണത്തിലെ കുറവുകൾ പരിഹരിക്കാൻ നടപടികളെടുത്തു. ഗ്രാമീണവിപണികൂടി ലക്ഷ്യമിട്ട്‌ ഉൽപ്പന്നങ്ങൾ പ്രാഥമിക ക്ഷീരസംഘങ്ങൾവഴി വിൽക്കാനുള്ള പദ്ധതി ആരംഭിച്ചു. ‘മിൽമ റീഫ്രഷ് വെജ് റസ്റ്റോറന്റു’കളിലും മേഖലാ യൂണിയൻ നേരിട്ട് നടത്തുന്ന ഷോപ്പുകളിലും പായസവിൽപ്പനയുണ്ടാകും. Read on deshabhimani.com

Related News