വാർഡ് വിഭജനം സുതാര്യവും നിയമാനുസൃതവും: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം> വാർഡ് വിഭജനം വളരെ സുതാര്യമായും നിയമാനുസൃതവുമാണ് നടന്നിട്ടുള്ളതെന്ന് മന്ത്രി എം ബി രാജേഷ്. 2011ലെ സെൻസെസ് അടിസ്ഥാനമാക്കി അറുപതോളം തദ്ദേശസ്ഥാപനങ്ങളിൽ 2015ൽ വാർഡുകൾ വിഭജിച്ചിരുന്നു. നിലവിലെ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അതിൽ കേസിന് പോയത് ഏഴോ എട്ടോ തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ്. 2011ലെ സെൻസസ് അടിസ്ഥാനത്തിൽ വിഭജനം നടന്നിട്ടുള്ളതിനാൽ അടുത്ത സെൻസെസ് വരെ വാർഡ് വിഭജനം വേണ്ട എന്ന ഇവരുടെ വാദമാണ് കോടതി അംഗീകരിച്ചത്. ബാക്കിയൊരിടത്തും വാർഡ് വിഭജനത്തിൽ പ്രശ്‌നമില്ല. പഞ്ചായത്ത് രാജ് ആക്‌ടിൽ സെഷൻ ആറു പ്രകാരമുള്ള നടപടികളാണ് എടുത്തിട്ടുള്ളത്. വിധിയുടെ പശ്‌ചാത്തലത്തിൽ തുടർനടപടികൾ ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ മേൽനോട്ടത്തിലാണ് വാർഡ് വിഭജനം നടക്കുന്നത്. എക്കാലത്തും സ്വീകരിക്കുന്ന നടപടിക്രമങ്ങളാണ് ഇപ്പോഴും സ്വീകരിച്ചത്. പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. അതിനുമുന്നേ ആരോപണം ഉന്നയിക്കുന്നതിൽ എന്ത് ന്യായീകരണമാണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു. Read on deshabhimani.com