മന്ത്രി വാക്കുപാലിച്ചു; സുധീപിന് ആധാറായി



കടയ്ക്കൽ> "വലിയ വികസന പദ്ധതികൾ സാക്ഷാൽക്കരിക്കുന്ന ഘട്ടത്തിലെ സന്തോഷംപോലെ, ഒരുപക്ഷേ അതിനേക്കാൾ വലുതാണ് നമ്മുടെ ചുറ്റുമുള്ളവർക്ക് വർഷങ്ങളായി നിറവേറ്റപ്പെടാതെപോയ അവരുടെ ചെറിയ ആഗ്രഹങ്ങൾ സാക്ഷാൽക്കരിക്കുമ്പോൾ ഉണ്ടാകുന്നത്’. ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിൽ കുറിച്ച പോസ്റ്റ് തുടങ്ങുന്നതിങ്ങനെയാണ്. സംസ്ഥാനത്തെ താലൂക്ക്, ജില്ലാ ആശുപത്രികൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിയപ്പോഴാണ് മന്ത്രി സുധീപിനെ കണ്ടത്. കടയ്ക്കൽ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ യൂണിറ്റിൽ 11 വർഷമായി ചലനശേഷി നഷ്ടപ്പെട്ട് കിടക്കുകയാണ് മടത്തറ നാട്ടുകല്ല് സ്വദേശി സുധീപ്. തെങ്ങിൽനിന്ന് വീണാണ് സുധീപിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റത്. അച്ഛൻ മരിച്ചുപോയി. ഏകസഹോദരിക്ക്‌ സംസാരശേഷിയും കേൾവിശേഷിയും ഇല്ല. സുധീപിന്റെ ഒപ്പം ആശുപത്രിയിലാണ് താമസം. പാലിയേറ്റീവ് വാർഡിലെ ജനലിൽക്കൂടി എത്തുന്ന പകൽവെളിച്ചം മാത്രമാണ് സുധീപിന്റെ പുറംലോകത്തെ കാഴ്ച. വൃത്തിയും വെടിപ്പുമുള്ള വാർഡിൽ സ്‌നേഹത്തോടെയാണ് സുധീപിനെ അധികൃതർ പരിചരിക്കുന്നത്. താലൂക്കാശുപത്രി സന്ദർശനത്തിനിടെ മന്ത്രി സുധീപിന്റെ അടുത്ത് ചെന്നപ്പോൾ ഒരാഗ്രഹം അറിയിച്ചു. ആധാർ കാർഡ് വേണം. വിരലുകൾ പതിപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയതുകൊണ്ടും പുറത്തേക്കു പോകാൻ കഴിയാത്തതു കൊണ്ടും ആധാർ എടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഭിന്നശേഷി ക്ഷേമ പെൻഷനും ലഭിച്ചിട്ടില്ല. ഉടൻതന്നെ മന്ത്രി കലക്ടറെ വിളിച്ചു. സുധീപിന് ആധാർ കാർഡ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തടസ്സങ്ങൾ എല്ലാം മറികടന്ന് അവസാനം സുധീപിന് ആധാർ ലഭ്യമായി. ലക്ഷ്യ മാനദണ്ഡ പ്രകാരമുള്ള ലേബർ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ മന്ത്രി വീണാ ജോർജ് എത്തിയപ്പോഴാണ് ആധാർ കാർഡ് കൈമാറിയത്. വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സാധിച്ചത്. സുധീപിന്റെ ആധാർ സഹോദരി സുജാതയ്ക്കു നൽകിയശേഷം ചേർത്തു പിടിച്ച് ആശ്ലേഷിച്ചത് കൈയടികളോടെയാണ് സദസ്സിലും വേദിയിലുമുള്ളവർ സ്വീകരിച്ചത്. സുധീപിന് സഹായവുമായി ഒപ്പംനിന്ന മന്ത്രി ജെ ചിഞ്ചുറാണി, കലക്ടർ എൻ ദേവിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ആശുപത്രി സൂപ്രണ്ട് വി എ ധനുജ എന്നിവരോടുള്ള സ്‌നേഹം അറിയിച്ചാണ് വിണാ ജോർജിന്റ പോസ്റ്റ് അവസാനിക്കുന്നത്. Read on deshabhimani.com

Related News