ന്യൂനപക്ഷ സ്‌കോളർഷിപ്പ്: അനുപാതം കുറയ്‌ക്കാൻ യുഡിഎഫ് ഭരണത്തിൽ ശുപാർശ
കോഴിക്കോട് > ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം കുറക്കാൻ ഉമ്മൻചാണ്ടി ഭരണത്തിൽ ശ്രമിച്ച വിവരം പുറത്ത്. 80:20 എന്നത് 60:40 ആക്കാനാണ് ന്യൂനപക്ഷ കമീഷൻ തീരുമാനിച്ച് സർക്കാരിനോട് ശുപാർശ ചെയ്‌തത്. കോൺഗ്രസ് നേതാവ് അഡ്വ. എം വീരാൻകുട്ടി ചെയർമാനും മുസ്ലിംലീഗ് നേതാവ് അഡ്വ. കെ പി മറിയുമ്മ, കേരളാ കോൺഗ്രസ് നേതാവ് അഡ്വ. വി വി ജോഷി എന്നിവർ അംഗങ്ങളുമായ സംസ്ഥാന ന്യൂനപക്ഷ കമീഷനാണ് മുസ്ലിം സ്‌കോളർഷിപ്പ് അനുപാതം കുറക്കാൻ ശുപാർശ നൽകിയത്. ഹൈക്കോടതി വിധിയുടെ പേരിൽ എൽഡിഎഫ് സർക്കാർ ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നിശ്ചയിച്ചതിനെ എതിർക്കുന്ന മുസ്ലിംലീഗിന്റെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും കാപട്യം വ്യക്തമാക്കുന്നതാണീ ശുപാർശ. നിലവിലുള്ള നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും 80:20 മാറ്റി 60:40 എന്ന ജനസംഖ്യാനുപാതം നടപ്പാക്കണമെന്നായിരുന്നു കമീഷൻ നിർദേശം. ക്രിസ്‌ത്യൻ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള വിശദമായ പഠന റിപ്പോർട്ടും കമീഷൻ ശുപാർശയും എൽഡിഎഫ് അധികാരത്തിൽ വന്നശേഷം 2016 ജൂൺ എട്ടിനായിരുന്നു സർക്കാരിന് സമർപ്പിച്ചത്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പാർലമെന്ററി പാർടി 2021 ജൂൺ മൂന്നിന് മുഖ്യമന്ത്രിക്ക് അയച്ച കത്തും പുറത്തുവന്നിരുന്നു. ഹൈക്കോടതി ചൂണ്ടിക്കാട്ടിയതും യുഡിഎഫ് പാസാക്കിയ നിയമം 2014-ൽ യുഡിഎഫ് ഭരണത്തിലാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ നിയമം(കേരള സ്‌റ്റേറ്റ് കമീഷൻ ഫോർ മൈനോറിറ്റീസ് നിയമം–-2014) കൊണ്ടുവന്നത്. ജനസംഖ്യാനുപാതം ശുപാർശ ചെയ്യുന്ന നിയമം പാസാക്കുമ്പോൾ പി കെ കുഞ്ഞാലിക്കുട്ടിയടക്കം അഞ്ച് മുസ്ലിംലീഗ് മന്ത്രിമാരായിരുന്നു ഭരണത്തിൽ. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിവിധ തൊഴിൽ–-സാമൂഹിക–-വികസന പദ്ധതികളിൽ ജനസംഖ്യ അനുപാതത്തിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. നിയമത്തിന്റെ മൂന്നാം അധ്യായത്തിൽ 9 കെ വകുപ്പിലാണീ വ്യവസ്ഥ. കഴിഞ്ഞ ദിവസം 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ ഈ വകുപ്പ് എടുത്തുപറഞ്ഞിട്ടുണ്ട്. ഇതെല്ലാം മറച്ചുവെച്ചാണ് ലീഗും കോൺഗ്രസിലെ ചെറുവിഭാഗവും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം വർഗീയവൽക്കരിക്കുന്നത്. Read on deshabhimani.com