തിരച്ചിൽ നാലാം ദിനം; ദൗത്യ സംഘം മുണ്ടക്കൈയിലേക്ക്
മേപ്പാടി > വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരും. ദൗത്യ സംഘം മുണ്ടക്കൈയിലേക്ക് തിരിച്ചു. 206 പേരെ ഉരുള്‍പൊട്ടലില്‍ കാണാതായി എന്നാണ് ഔദ്യോഗിക കണക്ക്. ചാലിയാർ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കി.മീ അകത്തുള്ള എട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാകും ഇന്നത്തെ തിരച്ചിൽ. സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, രക്ഷാദൗത്യത്തിൽ മുൻപരിചയമുള്ള ആളുകൾ, പ്രദേശത്തെക്കുറിച്ച് അറിയുന്നവർ തുടങ്ങിയ ആളുകൾ സംയുക്തമായാകും ഇന്ന് തിരച്ചിൽ തുടരുന്നത്. മുണ്ടകൈയിൽ നാളെ ആറ് സോണുകളായി തിരിച്ച് രക്ഷാദൗത്യം തുടരും. അട്ടമല, മുണ്ടക്കൈ, പുഞ്ചിരി മറ്റം, വില്ലേജ് റോഡ്, സ്കൂൾ ഏരിയ, ഡൗൺ സ്ട്രീം എന്നീ ആറ് സോണുകളായി തിരിച്ചിൽ നടക്കും. ആറ് മേഖലകളിലെ രക്ഷാദൗത്യത്തിനായി നാൽപതോളം സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ചൂരൽമലയിൽ 190 അടി നീളമുള്ള ബെയ്‌ലി പാലത്തിന്റെ നിർമാണം വ്യാഴം വൈകിട്ടോടെ കരസേനയുടെ മദ്രാസ് റെജിമെന്റിലുള്ള എൻജിനീയറിങ് വിഭാഗം പൂർത്തിയാക്കിയിരുന്നു. 279 പേർ മരിച്ചതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. കണ്ടെടുത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും അടിസ്‌ഥാനമാക്കിയാണ് ഈ കണക്ക്. 179 മൃതദേഹങ്ങളും 100 ശരീരഭാഗങ്ങളും ഉൾപ്പെടെ വ്യാഴാഴ്‌ച പകൽ 1.30 വരെ 279 പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കി. വ്യാഴാഴ്‌ച മാത്രം 23 മൃതദേഹങ്ങൾ കണ്ടെടുത്തു. ആകെ 299 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നുണ്ട്. തിരിച്ചറിഞ്ഞ 105 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. അവശേഷിക്കുന്ന അവസാനത്തെ മനുഷ്യജീവനും പുറത്തെടുക്കുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു. Read on deshabhimani.com