‘മൈസോണു’മായി കൈകോർക്കാൻ യുഎസ്‌ കോൺസുലേറ്റ്‌

മൈസോൺ സിഇഒ ഡോ. എ മാധവനുമായി ചർച്ച നടത്തുന്നു


തളിപ്പറമ്പ്‌ > മലയാളി സ്‌റ്റാർട്ടപ് കമ്പനികളെത്തേടി അമേരിക്കൻ പ്രതിനിധി സംഘം മൈസോണി(മലബാർ ഇന്നവേഷൻ ആൻഡ്‌ എന്റർപ്രണർഷിപ്പ്‌ സോൺ)ൽ. അമേരിക്കൻ സ്‌റ്റാർട്ടപ്പുകളുമായി സഹകരിക്കാൻ താൽപര്യമുള്ള കമ്പനികളെത്തേടിയാണ്‌ ചെന്നൈ യുഎസ്‌ കോൺസുലേറ്റിലെ കൗൺസിലർ ഫോർ കമേഴ്‌സ്യൽ അഫയേഴ്‌സ്‌ കാരേ അരുൺ, കമേഴ്‌സ്യൽ സ്പെഷ്യലിസ്റ്റ്‌ ഷാം ഷംസുദ്ദീൻ എന്നിവർ മാങ്ങാട്ടുപറമ്പിലെ ‘മൈസോണി’ലെത്തിയത്‌. സംസ്ഥാന സർക്കാരിന്റെ  കേരള സ്‌റ്റാർട്ടപ്പ്‌ മിഷനുകീഴിൽ  പ്രവർത്തിക്കുന്ന സ്ഥാപനമാണ്‌ മൈസോൺ. നൂറോളം സ്‌റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്ന മൈസോണിൽ ഇരുനൂറോളംപേർ ജോലിചെയ്യുന്നു. വനിതാ സ്‌റ്റാർട്ടപ്പ്‌ സംരംഭകരുമായും സംഘം ചർച്ച നടത്തി. സാങ്കേതിക വിവരങ്ങൾ കൈമാറാനും പരസ്‌പരം സഹകരിക്കാനും കഴിയുന്ന കമ്പനികളെ കണ്ടെത്താൻ ശ്രമിക്കും.  കണ്ണൂരിലെ മറ്റ്‌ സ്‌റ്റാർട്ടപ്പുകളെക്കുറിച്ച്‌ മനസ്സിലാക്കി നൂതന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളിൽ ഒരുമിച്ച്‌ പ്രവർത്തിക്കാനുമുള്ള അവസരമൊരുക്കാൻ ഇടപെടലുണ്ടാകും. യുഎസിലെ സ്‌റ്റാർട്ടപ്പ്‌ സംരംഭങ്ങളെക്കുറിച്ചും അവിടെനിന്നുള്ള സാങ്കേതിക–- അടിസ്ഥാന സഹായങ്ങൾ  ലഭ്യമാക്കാനാവുമോ തുടങ്ങിയ കാര്യങ്ങളും ചർച്ചചെയ്‌തു. യുഎസിൽ നടക്കുന്ന സെലക്ട്‌ യുഎസ്‌ ഉച്ചകോടിയിൽ മൈസോൺ പ്രതിനിധികളെ പങ്കെടുപ്പിക്കാനുള്ള പദ്ധതിയുമുണ്ട്‌. കോൺസുലേറ്റ്‌ സംഘം നിഫ്‌റ്റ്‌, നോർത്ത്‌ മലബാർ ചേംബർഓഫ്‌ കൊമേഴ്‌സ്‌ എന്നിവിടങ്ങളിലും സന്ദർശിച്ചു. മൈസോണിൽ സിഇഒ ഡോ. എ മാധവൻ, സെന്റർ ഇൻ ചാർജ്‌ എസ്‌ സുനു തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു.   Read on deshabhimani.com

Related News