അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്
കൊച്ചി > കൊച്ചിയിൽ പ്രശസ്ത ഡിജെ അലൻ വോക്കറുടെ സംഗീതപരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഡൽഹിയിലെ അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്. ഫോൺ മോഷണം നടത്തുന്ന വിദഗ്ധ പോക്കറ്റടിക്കാരുടെ സംഘമാണ് അസ്‌ലമിൻ്റേത്. കൊച്ചിയിൽ നടന്ന മോഷണത്തിന്റെ രീതി അസ്‌ലം ഗ്യാങ്ങിന്റേതിനു സമാനമാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ബോൾഗാട്ടി പാലസിൽ നടന്ന പരിപാടിക്കിടെയാണ് 21 ഐഫോണുകൾ ഉൾപ്പെടെ 35 ഫോണുകൾ മോഷണം പോയതായി മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്. ഇ സോൺ എന്റർടെയ്ൻമെന്റ്‌സിന്റെ നേതൃത്വത്തിലായിരുന്നു ‘സൺബേൺ അറീന ഫീറ്റ് അലൻ വോക്കർ’ സംഗീതനിശ അരങ്ങേറിയത്. വോക്കർ വേൾഡ് എന്ന പേരിൽ അലൻ വോക്കർ രാജ്യത്ത് 10 നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടികളുടെ ഭാഗമായിരുന്നു ഇത്. ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകൾ മോഷ്ടിച്ചത്. സമാന രീതിയിൽ ബംഗളുരുവിൽ നൂറോളം സ്മാർട് ഫോണുകളാണ് മോഷണം പോയത്. അന്വേഷണത്തിനായി രണ്ടു പോലീസ് സംഘങ്ങൾ ബംഗളൂരുവിലേക്കും ഡൽഹിയിലേക്കും തിരിച്ചിട്ടുണ്ട്. Read on deshabhimani.com