കശ്മീരിലെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയായി തരിഗാമി



ന്യൂഡല്‍ഹി > ജമ്മു കശ്മീരില്‍ വീണ്ടും ജനാധിപത്യ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രതീക്ഷയേകി മുഹമ്മദ് യൂസഫ് തരിഗാമി. 2024 ലെ തെരഞ്ഞെടുപ്പില്‍  കശ്മീരില്‍ എം വൈ തരിഗാമിയിലൂടെ ജനാധിപത്യം വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ. സിപിഐ എം നേതാവും കുല്‍ഗാമില്‍നിന്നും നാല് തവണ എംഎല്‍എയുമായിരുന്ന തരിഗാമി ആഗസ്ത് 27ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 2014-ലെ  തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ജനാധിപത്യം വീണ്ടെടുക്കാനുള്ള സുപ്രധാന അവസരമാണ് 2024 ലെ പൊതു തെരഞ്ഞെടുപ്പ്.  ഇത്തവണ ജനങ്ങളുടെ കോടതിയില്‍ വാദം കേള്‍ക്കാന്‍ ആഗ്രഹക്കുന്നു. വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് കശ്മീരില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ജനങ്ങളോടൊപ്പം നിന്ന് പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെയാണ്. ഒരു ദശാബ്ദക്കാലത്തിന് ശേഷമാണ് കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനങ്ങള്‍ക്ക് ജനപ്രതിനിധികളെ  വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കാനുള്ള അവസരം ലഭിക്കുന്നത് പത്ത് വര്‍ഷത്തിന് ശേഷമാണ്. ഈ തെരഞ്ഞെടുപ്പിനെ കാണുന്നത് വോട്ട് ചെയ്യാനുള്ള അവകാശമായി മാത്രമല്ല മറിച്ച് കശ്മീരിലെ വരാന്‍ പോകുന്ന നല്ല മാറ്റത്തിലേക്കുള്ള പങ്കാളിത്തമായാണ്. ജനാധിപത്യം അടിച്ചമര്‍ത്തുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യങ്ങള്‍ക്ക്  മാറ്റമുണ്ടാകാന്‍ ജനങ്ങള്‍ ഒപ്പം നില്‍ക്കേണ്ടതുണ്ടെന്നും തരിഗാമി പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. കേന്ദ്രീകൃത ഭരണത്തോട് ജനങ്ങള്‍ക്കിടയില്‍ അതൃപ്തി വര്‍ദ്ധിച്ചുവരികയാണ്. സംസ്ഥാന പദവിപുനഃസ്ഥാപിക്കുകയെന്നത് കശ്മീരിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ പരമപ്രധാനമാണ്. ആ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ നവീകരണത്തിലേക്കുള്ള ആദ്യപടിയായാണ് കശ്മീര്‍ ജനത കാണുന്നതെന്നും തരിഗാമി വ്യക്തമാക്കി.   Read on deshabhimani.com

Related News