ഡോക്ടർ ചമഞ്ഞ് അഞ്ചര ലക്ഷം രൂപ തട്ടി: അമ്മയും മകനും അറസ്റ്റിൽ

വിഷ്ണു, ഉഷ


പീരുമേട്> ഡോക്ടർ ചമഞ്ഞ് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അമ്മയും മകനും അറസ്റ്റിൽ. പാലാ കിടങ്ങൂർ മംഗലത്ത്‌കുഴിയിൽ ഉഷ അശോകൻ(58), മകൻ വിഷ്ണു (38) എന്നിവരെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. ഏലപ്പാറ സ്വദേശി പ്രദീഷിന്റെ പക്കൽ നിന്നാണ് പലപ്പോഴായി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തത്. ഇയാൾ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകനും പിടിയിലായത്. പ്രദീഷ് പ്രതികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ചാണ് പരിചയപ്പെട്ടത്. മകന്റെ ചികിത്സയ്ക്കായി എത്തിയ പ്രദീഷിനെ വിഷ്ണു പലപ്പോഴായി ആശുപത്രി കാര്യങ്ങളിൽ സഹായിച്ചിരുന്നു. മെഡിക്കൽ കോളേജ് ഡോക്ടറെന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് പിതാവിന്റെ ചികിത്സയ്ക്കായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴും പ്രദീഷ്‌ വിഷ്ണുവുമായി ബന്ധപ്പെട്ടു. 55 ലക്ഷം രൂപ ചികിത്സക്ക്‌  ചെലവായി. ഇതിന്റെ 32 ശതമാനം രൂപ ആരോഗ്യവകുപ്പിൽനിന്ന്‌ വാങ്ങി നൽകാമെന്ന പേരിലാണ് പല തവണയായി വിഷ്ണുവും അമ്മ ഉഷയും പണം വാങ്ങിയത്‌. ഏറ്റുമാനൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പതിനൊന്ന് കേസുകളുണ്ട്. നോർത്ത് പറവൂർ സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ റിമാൻഡിലായിരുന്ന ഇവർ ജാമ്യത്തിലിരിക്കെയാണ് വീണ്ടും പിടിയിലായത്. പീരുമേട് സിഐ ഒ വി ഗോപിചന്ദിന്റെ നേതൃത്വത്തിൽ എസ്ഐ ജെഫി ജോർജ്‌, സി പി റെജിമോൻ, കെ കെ സന്തോഷ്, ലാലു, ആതിര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്. പീരുമേട് കോടതി പ്രതികളെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News