സാഹിത്യ നിരൂപകന്‍ എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു
തിരുവനന്തപുരം> സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു.എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ഇന്നുപുലര്‍ച്ചെ 1.15ന് ഹൃദയാഘാതം മൂലമാണ് മരണം. നിരൂപണത്തില്‍ കേരള സാഹിത്യ ആക്കാദമി അവാര്‍ഡും വിവര്‍ത്തനത്തിന് എംഎന്‍ സത്യാര്‍ഥി പുരസ്‌കാരവും നേടിയിട്ടുണ്ട്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം രണ്ടുദിവസം മുന്‍പാണ് ഇവിടെ പ്രവേശിപ്പിച്ചത്. അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലും നിര്‍വാഹകസമിതിയിലും അംഗമായിരുന്നു,ശ്രദ്ധേയനായ നിരൂപകനായിരുന്നു എംആര്‍സി. അന്‍പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. തൃശൂര്‍ വിവേകോദയം ബോയ്സ് സ്‌കൂള്‍, കേരളവര്‍മ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നു. മുണ്ടശേരിയുടെ നവജീവന്‍, മാതൃഭൂമി ദിനപത്രം തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരൂപണ ശാഖയെ സമ്പന്നമാക്കിയ എഴുത്തുകാരൻ പുരോഗമന ഇടതുപക്ഷചിന്തകളിൽ ഊന്നിയ മൗലികമായ നിരീക്ഷണങ്ങൾ കൊണ്ട് മലയാള നിരൂപണ ശാഖയെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് പ്രൊഫ. എം ആർ ചന്ദ്രശേഖരനെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യ കാലങ്ങളിൽ നേതൃരംഗത്ത് സജീവമായി ഉണ്ടായിരുന്നു. കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രധാനമാണ്. എഴുത്തിലെ ആശയസമര മുഖങ്ങളിൽ അക്കാലത്ത് അദ്ദേഹം നിറഞ്ഞു നിന്നു. കേരളത്തിൽ സമരോത്സുകമായ കോളേജധ്യാപക സംഘടന കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനനും പറഞ്ഞു. പുരോഗമന സാഹിത്യപക്ഷത്ത് നിലയുറപ്പിച്ചയാൾ എം ആർ ചന്ദ്രശേഖരന്റെ വിയോഗം ഏറെ ദുഃഖകരമാണെന്ന് കേരള സാഹിത്യ അക്കാദമി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനറൽ കൗൺസിൽ അംഗമായും നിർവാഹകസമിതി അംഗമായും കേരള സാഹിത്യ അക്കാദമിക്ക് അദ്ദേഹം നൽകിയ നിസ്തുലസേവനവും സ്മരണീയമാണ്. മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലും തൃശൂരിലെ സഹൃദയസദസ്സുകളിലും എക്കാലവും സ്മരിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് പ്രസിഡന്റ് കെ സച്ചിദാനന്ദനും സെക്രട്ടറി സി പി അബൂബക്കറും പറഞ്ഞു. Read on deshabhimani.com