‘സ്‌മൃതി പഥ’ത്തിൽ അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകൾ വൈകിട്ട് അഞ്ചിന് ആരംഭിക്കും



കോഴിക്കോട്‌> നിറയെ  ഓർമകൾ സമ്മാനിച്ച്‌ മടങ്ങുന്ന മലയാളത്തിന്റെ എംടിയുടെ അന്ത്യവിശ്രമം ‘സ്‌മൃതി പഥ’ത്തിൽ. ആധുനിക സൗകര്യങ്ങളുമായി നവീകരിച്ച ‘സ്‌മൃതി പഥം’  മാവൂർ റോഡ്‌ ശ്‌മശാനത്തിലെ ആദ്യ സംസ്‌കാര ചടങ്ങാണ്‌ എം ടിയുടെത്‌. ഒന്നര വർഷമായി അടച്ചിട്ട ശ്‌മശാനം 29ന്‌ ഉദ്‌ഘാടനംചെയ്യാനിരിക്കയായിരുന്നു. എം ടിയുടെ മരണമുണ്ടായ സാഹചര്യത്തിൽ ഔദ്യോഗിക ചടങ്ങുകളില്ലാതെ അദ്ദേഹത്തിനായി സ്‌മൃതി പഥം തുറക്കുകയായിരുന്നു. വ്യാഴം വൈകിട്ട്‌ അഞ്ചിനാണ്‌ എം ടിയുടെ സംസ്‌കാരം. 2020 ഒക്‌ടോബറിലാണ്‌ ശ്‌മശാനം നവീകരിക്കാൻ തീരുമാനിച്ചത്‌. നവീകരണം തുടങ്ങിയതോടെ  ഇലക്‌ട്രിക്‌ ശ്‌മശാനത്തിൽ മാത്രമായിരുന്നു സംസ്‌കാരം. ഇത്‌ കേടായതോടെ ഒന്നര വർഷമായി ഇവിടെ സംസ്‌കാരം നടത്തിയിരുന്നില്ല. നാല്‌ വാതക ചൂള, ഒരു വൈദ്യുതി ചൂള, രണ്ട്‌ പരമ്പരാഗത ചൂള എന്നിവയുൾപ്പെടുത്തിയാണ്‌ നവീകരിച്ചത്‌. പുകയോ ഗന്ധമോ പുറത്തുവരില്ല. സംസ്‌കാരശേഷം 60 ദിവസംവരെ ചിതാഭസ്‌മം സൂക്ഷിക്കാനുള്ള ലോക്കറുകൾ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി സംസ്‌കാരം തൽസമയം കാണാനുള്ള സൗകര്യം, അനുബന്ധ സാധനങ്ങൾ കിട്ടുന്ന കിയോസ്‌ക്‌, 24 മണിക്കൂറും സെക്യൂരിറ്റി, അനുസ്‌മരണ ചടങ്ങുകൾക്ക്‌ ഹാൾ എന്നീ സൗകര്യങ്ങളും നവീകരിച്ച ശ്‌മശാനത്തിലുണ്ട്‌. കോർപറേഷൻ പരിധിയിലുള്ളവർക്കാണ്‌ മുൻഗണനയെങ്കിലും മറ്റിടങ്ങളിൽനിന്നുള്ള മൃതദേഹവും സംസ്‌കരിക്കും. രാവിലെ ആറുമുതൽ രാത്രി എട്ടുവരെയാവും പ്രവർത്തനം. Read on deshabhimani.com

Related News