എം ടി യുടെ മൃതദേഹം വീട്ടിലെത്തിച്ചു; അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ
കോഴിക്കോട്> മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ മൃതദേഹം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു. രാത്രി 11.50 വീട്ടിലെത്തിച്ച മൃതദേഹത്തിൽ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും അന്ത്യചുംബനം നൽകി. രാത്രി വൈകിയും പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനനോക്ക് കാണാൻ ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. മന്ത്രി എ കെ ശശീന്ദ്രൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്, സി പി ഐ എം സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ, കോൺഗ്രസ് നേതാക്കളായ പി എം നിയാസ്, കെ സി അബു എന്നിവർ മരണ വിവരമറിഞ്ഞയുടൻ ആശുപത്രിയിലെത്തി. മന്ത്രി വി അബ്ദുറഹ്മാൻ, മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ഷാഫി പറമ്പിൽ എംപി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസി ഡൻ്റ് വി വസീഫ്, എം എൻ കാരശേരി, കെ പി രാമനുണ്ണി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി രഘുനാഥ്, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ, എം കെ മുനീർ എം എൽ എ തുടങ്ങിയ നിരവധി പ്രമുഖർ വീട്ടിലെത്തി. എം ടിയുടെ ആവശ്യപ്രകാരമാണ് പൊതുദർശനങ്ങൾ ഒഴിവാക്കിയത്. വ്യാഴാഴ്ച വൈകുന്നേരം നാല് വരെ വീട്ടിലെത്തി അന്തിമോപചാരമർപ്പിക്കാം. വൈകുന്നേരം അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. Read on deshabhimani.com