എം ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
കോഴിക്കോട് > എം ടി വാസുദേവൻനായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ മുതൽ മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഇത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ 15ന് രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരമായത്. നിലവിൽ ഐസിയുവിലാണ്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, മന്ത്രി എ കെ ശശീന്ദ്രൻ, ചിഞ്ചുറാണി, സാഹിത്യകാരൻ എൻ എൻ കാരശ്ശേരി, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, തുഞ്ചൻ സ്‌മാരക ട്രസ്റ്റ് സെക്രട്ടറി പി നന്ദകുമാർ എംഎൽഎ, എം കെ മുനീർ എംഎൽഎ, എ പ്രദീപ്‌കുമാർ, സംവിധായകൻ ഹരിഹരൻ, നടൻ വിനീത് തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ-ചലച്ചിത്ര മേഖലകളിലെ ഒട്ടേറെപ്പേർ എംടിയുടെ കുടുംബത്തിന് ആശ്വാസമേകി ആശുപത്രിയിലെത്തി. Read on deshabhimani.com