കാലം മറക്കാത്ത നാദം ഒരേയൊരു റഫി ; നൂറാം ജന്മവാർഷികം നാളെ
തിരുവനന്തപുരം ഭാവഗാനങ്ങൾ, ക്ലാസിക്കൽ, ഗസൽ, തട്ടുപൊളിപ്പൻ... എല്ലാ സംഗീത ആസ്വാദകരെയും ഒരുപോലെ തൃപ്‌തിപ്പെടുത്തുന്ന ഗായകൻ. ശ്രുതിശുദ്ധിയോടെ അനായാസമായി സമസ്‌തഭാവങ്ങളും ശബ്ദത്തിൽ ആവാഹിക്കുന്ന മാജിക്. തലമുറവ്യത്യാസമില്ലാതെ ആരാധകർ. മരണത്തിന് നാൽപ്പത്തിനാലു വർഷത്തിനിപ്പുറവും രാജ്യത്തെ ഏറ്റവും ജനപ്രിയനായ ഗായകനായി തുടരുന്ന പ്രതിഭ. ഒരേയൊരു മുഹമ്മദ് റഫി. വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി ആണ് ചൊവ്വാഴ്‌ച.1924 ഡിസംബർ 24ന് അമൃത്‌സറിലെ കോട്‌ല സുൽത്താൻസിങ് ഗ്രാമത്തിലായിരുന്നു ജനനം.1935–--36ൽ അച്ഛൻ ഹാജി അലിമുഹമ്മദ് ലാഹോറിലേക്ക് സ്ഥലം മാറിയപ്പോൾ റഫിയും കുടുംബവും അങ്ങോട്ടു കുടിയേറി. റഫിയുടെ മൂത്തസഹോദരീ ഭർത്താവാണ് സംഗീതത്തിലുള്ള വാസന കണ്ടെത്തിയത്. ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, പണ്ഡിത് ജീവൻലാൽ മട്ടോ, ഫിറോസ് നിസാമി എന്നിവരിൽ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. 1949ൽ റിലീസ് ചെയ്‌ത ജൂഗ്നു എന്ന എന്ന ചിത്രത്തിലെ ‘യഹാംബദ്‌ല’ എന്ന ഗാനത്തോടെയാണു റഫി സംഗീതരംഗത്തു വേരുറപ്പിക്കുന്നത്. 1952ൽ റിലീസ് ആയ ‘ബൈജു ബാവ്‌ര’ യിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ ഓ ദുനിയ കെ രഖ്‌വാലെ..., തൂ ഗംഗാ കി മോജ്..., മൻ തര്‌പത് ഹരി ദർശൻ, ഇൻസാന് ബനോ തുടങ്ങിയ ഗാനങ്ങൾ ആസ്വാദകർ ഏറ്റെടുത്തു. 35 വർഷം നീണ്ടു നിന്ന സംഗീതജീവിതത്തിൽ 14 ഇന്ത്യൻ ഭാഷയിലും നാലു വിദേശ ഭാഷയിലും പാടി. 26,000 ത്തോളം പാട്ടുകൾ റഫി പാടിയിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാൽ ഗവേഷകർ പറയുന്നത് ആറായിരത്തിനും ഏഴായിരത്തിനും ഇടയിലെന്നാണ്. 1980- ജൂലൈ 31ന് ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. 1967-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഒരു മലയാളം ചിത്രത്തിലേ മുഹമ്മദ് റഫി പാടിയിട്ടുള്ളൂ. തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിലെ ഒരു ഹിന്ദി ഗാനമായിരുന്നു അത്. എങ്കിലും റഫിക്കു മലയാളത്തിൽ ആരാധകർ ഏറെയാണ്. ഒരുപക്ഷേ ജന്മസ്ഥലമായ പഞ്ചാബിലേക്കാളും.1953 ഏപ്രിൽ 18ന് കൊച്ചിയിലെ പട്ടേൽ ടാക്കീസിലാണ് കേരളത്തിൽ ആദ്യമായി മുഹമ്മദ് റഫിയുടെ ഗാനമേള അരങ്ങേറുന്നത്. പിന്നീട് കൊല്ലവും തിരുവനന്തപുരവും തലശ്ശേരിയും കോഴിക്കോടും പാലായുമെല്ലാം അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിനായി കാതോർത്തു. ആസ്വാദകരുടെ മനസിൽ മുഹമ്മദ് റഫിയുടെ പാട്ടുകൾ ഇന്നും മൂളിക്കൊണ്ടിരിക്കുന്നു. Read on deshabhimani.com