പുതുക്കിപ്പണിയണം, പഠിക്കണം: മുഹമ്മദ്‌ ഹാനി പറഞ്ഞത്‌ ഇത്രമാത്രം

മുഹമ്മദ്‌ ഹാനിയെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിക്കുന്നു


മേപ്പാടി "എന്റെ സ്‌കൂൾ പുതുക്കിപ്പണിയണം, എനിക്കിവിടെ പഠിക്കണം' അഭിനന്ദിക്കാനെത്തിയ മന്ത്രി വി ശിവൻകുട്ടിയോട്‌ മുഹമ്മദ്‌ ഹാനി പറഞ്ഞത്‌ ഇത്രമാത്രം.  ഉരുൾപൊട്ടലിൽ  ഉറ്റവർ നഷ്ട‌പ്പെട്ടപ്പോഴും രണ്ടുപേരെ ജീവിതത്തിലേക്ക്‌ നടത്തിച്ചയാളാണ്‌ വെള്ളാർമല ഗവ. വിഎച്ച്‌എസ്‌എസിലെ പത്താംക്ലാസുകാരനായ മുഹമ്മദ്‌ ഹാനി. ഹാനിയെ അഭിനന്ദിക്കാനാണ്‌ സെന്റ്‌ ജോസഫ്‌ യുപിഎസിലെ ദുരിതാശ്വാസക്യാമ്പിൽ മന്ത്രിയെത്തിയത്‌. ഉരുൾപൊട്ടലിൽ വീട്‌ തകർന്ന്‌ ഹാനിയുടെ ബാപ്പയും ഉമ്മയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത്‌ പേരെ കാണാതായി. അഞ്ചുപേരുടെ മൃതദേഹം കിട്ടി. നാലുപേരെപ്പറ്റി വിവരമില്ല. ഹാനിയുടെ ഇടപെടലിലാണ്‌ എഴുപതുകാരിയായ ഉമ്മുമ്മ ആയിഷയേയും ബാപ്പയുടെ അനിയന്റെ മകൾ നാലുവയസ്സുകാരി സിദാറത്തുൽ മുത്തഹയേയും രക്ഷിച്ചത്‌. മണിക്കൂറുകൾ വീടിന്റെ ജനൽക്കമ്പിയിൽ തുങ്ങിനിന്നാണ്‌ ഇവർ ആ രാത്രി വെളുപ്പിച്ചത്‌. പിന്നീട്‌ സമീപത്തെ വീടിന്റെ മുകളിൽ കയറിനിന്ന്‌ രക്ഷാപ്രവർത്തകരെ കൂവി വിളിക്കുകയായിരുന്നു.   ജീവിതപ്രയാസങ്ങളിലൊന്നും തളരാതെ പഠിച്ച്‌ മുന്നേറണമെന്ന്‌ ഹാനിയോട്‌ മന്ത്രി പറഞ്ഞു. സ്‌കൂൾ പുനർനിർമിക്കുമെന്നും പഠനം തുടരാൻ എല്ലാ സഹായവും ചെയ്യുമെന്നും ഉറപ്പുനൽകി. Read on deshabhimani.com

Related News