മുല്ലപ്പെരിയാർ: ആശങ്കവേണ്ട , സർക്കാർ ജനങ്ങൾക്കൊപ്പം, ഭീതിപരത്തുന്ന വ്ലോഗർമാർക്കെതിരെ നടപടി



ഇടുക്കി മുല്ലപ്പെരിയാർ ഡാം സുരക്ഷാവിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. പരമോന്നത നീതിപീഠത്തിന്റെ ശുഭകരമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോടതിക്ക് പുറത്ത് ചർച്ചചെയ്ത് പരിഹരിക്കാനാവുമോ എന്നതും പരിശോധിക്കും. ഡാം മാനേജ്മെന്റ്‌ സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. സമൂഹമാധ്യമങ്ങളിലൂടെ  നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കും. അനാവശ്യ ഭീതിപരത്തുന്ന വ്ലോഗർമാരെ നിയന്ത്രിക്കും. ആശങ്കപ്പെടേണ്ട ഒരു കാര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത്തല ജാഗ്രത സമിതികൾ ഉടൻ വിളിച്ചുചേർക്കും. സുരക്ഷാ മുൻകരുതൽ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും  ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകാനും ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ വാഴൂർ സോമൻ, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  കെ ടി ബിനു, ജില്ലാ കലക്ടർ വി വിഘ്നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, എഡിഎം ബി ജ്യോതി തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News