മുല്ലപ്പെരിയാർ: 138 കടന്നാൽ തുറക്കും; പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണം
തിരുവനന്തപുരം > മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിൽ കൂടിയാൽ ഡാം തുറക്കാൻ തീരുമാനം. ഉന്നതതല സമിതിയോഗത്തിൽ തമിഴ്‌നാട് പ്രതി നിധി ഇക്കാര്യം സമ്മതിച്ചു. ഈ മാസം 30വരെയാണ് ബാധകം. ജലനിരപ്പ് 137 അടിയാക്കണമെന്ന് ഉന്നതതല സമിതിയോഗത്തിൽ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് 2018ൽ സുപ്രീംകോടതി നിർദേശിച്ചതും കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തേക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ. കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച്, ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോൾ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. ജലനിരപ്പ് 142 അടിവരെ ആകാമെന്നാണ് കഴിഞ്ഞദിവസം തമിഴ്‌നാട് സുപ്രീംകോടതിയിൽ വാദിച്ചത്. മുല്ലപ്പെരിയാർ ഉന്നതതല സമിതിയോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്തു. തമിഴ്‌നാടിനെ പ്രതിനിധാനംചെയ്‌ത് അഡീഷണൽ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി) സന്ദീപ് സക്‌സേനയും കേന്ദ്ര ജലകമീഷൻ അംഗവും സമിതി ചെയർമാനുമായ ഗുൽഷൻ രാജും പങ്കെടുത്തു. Read on deshabhimani.com