മുനമ്പം: ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും; ജുഡീഷ്യൽ കമീഷനെ നിയോഗിക്കുമെന്ന് സർക്കാർ



തിരുവനന്തപുരം > മുനമ്പം വിഷയത്തിൽ ജനങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് സർക്കാർ. പ്രശ്നപഠനത്തിനും പരിഹാരത്തിനുമായി ജുഡീഷ്യൽ കമീഷനെ നിയോ​ഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോ​ഗത്തിൽ തീരുമാനമായി.  നിയമപരമായ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട നാല് തീരുമാനങ്ങളാണ് എടുത്തതെന്നും മന്ത്രിമാരായ പി രാജീവ്, കെ രാജൻ,വി അബ്ദുറഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമീഷനെ നിയോ​ഗിക്കുന്നത്. ആവശ്യമായ പിന്തുണ സർക്കാർ നൽകും. എൻക്വയറി കമീഷൻ ആക്ട് വഴിയാണ് പുതിയ കമീഷന്റെ നിയമനം. 3 മാസത്തിനുള്ളിൽ കമീഷന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് നിലവിലെ തീരുമാനം. ഏതെല്ലാം ഉദ്യോ​ഗസ്ഥരുടെയും വിഭാ​ഗങ്ങളുടെയും സഹായം ആവശ്യമാണെന്ന് കാണുന്ന മുറയ്ക്ക് അതെല്ലാം സർക്കാർ ലഭ്യമാക്കും. മുനമ്പത്ത് താമസിക്കുന്ന രേഖകളുള്ള ഒരാളെയും അവിടെ നിന്ന് കുടിയൊഴിപ്പിക്കില്ല എന്നതാണ് പ്രധാന തീരുമാനം. അവരുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കും. ഇതിൽ ഒരു തീരുമാനമാകുന്നത് വരെ നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് നിർദേശിച്ചു. അവർ അത് അം​ഗീകരിച്ചിട്ടുണ്ട്. മറ്റ് നടപടികളൊന്നും സ്വീകരിക്കില്ല. നിലവിൽ കൊടുത്ത നോട്ടീസുകളിലും തീരുമാനം വരുന്നത് വരെ നടപടികൾ ഉണ്ടാവില്ല. സങ്കീർണമായ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ടാക്സ് അടയ്ക്കാനായി മുമ്പ് തീരുമാനമായിരുന്നെങ്കിലും കോടതി അത് ചോദ്യം ചെയ്യുകയും സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ ജനങ്ങൾക്ക് സഹായകരമായുള്ള തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെല്ലാം പ്രതിഷേധക്കാരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പി രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 7- 10- 2022ലാണ് നികുതിയടയ്ക്കാനുള്ള അനുമതി നൽകിക്കൊണ്ട് തഹസീർദാർ ഉത്തരവിട്ടത്. അതിനെ ആദ്യം സിം​ഗിൾ ബഞ്ച് ചോദ്യം ചെയ്തു. തുടർന്ന് അതിന് അനുകൂലമായി സ്റ്റേ നടപടികൾ ഉണ്ടായി. തുടർന്നാണ് റവന്യൂ വകുപ്പ് കൗണ്ടർ അഫിഡവിറ്റ് നൽകിയത്. തുടർന്ന് നികുതിയടയ്ക്കാമെന്ന് കോടതി പറഞ്ഞു. ഇതിനെതിരെയാണ് ഒരു സംഘം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇതിൽ സർക്കാർ കക്ഷിയാണ്. സർക്കാർ തങ്ങളുടെ വാ​ദങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേ വെക്കേറ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. Read on deshabhimani.com

Related News