മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പ് പദ്ധതി: ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു
കൽപ്പറ്റ > മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ദുരന്ത നിവാരണ വകുപ്പിന്റെ നിർദേശ പ്രകാരം തയ്യാറാക്കിയ ഒന്നാം ഘട്ട പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 388 കുടുംബങ്ങളുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഒന്നാംഘട്ട പുനരധിവാസത്തിൽ ഉൾപ്പെടുന്നവരുടെ കരട് പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല മാനന്തവാടി സബ് കളക്ടർക്കായിരുന്നു. സബ് കലക്ടർ തയ്യാറാക്കുന്ന പട്ടിക മേപ്പാടി പഞ്ചായത്ത് അധികൃതർ നിലവിൽ തയ്യാറാക്കിയിട്ടുള്ള പട്ടികുമായി ഒത്തുനോക്കി അതിൽ ഒഴിവാക്കപ്പട്ടതും അധികമായി ഉൾപ്പെട്ടതുമായ കുടുംബങ്ങളുടെ വിവരങ്ങൾ പഞ്ചായത്തിൽ നിന്നും ലഭ്യമാക്കി ആവശ്യമായ പരിശോധനകൾക്കു ശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 20ന് ചേർന്ന യോഗത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം കരട് പട്ടിക അംഗീകരിക്കുകയായിരുന്നു. പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കാൽ വെള്ളരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങൾ 2025 ജനുവരി 10 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ആക്ഷേപങ്ങൾ വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും subcollectormndy@gmail.com എന്ന ഇമെയിലിലും സ്വീകരിക്കും. Read on deshabhimani.com