ചിറയ്ക്കലിലെ സദാചാരക്കൊല: അന്വേഷണം ഊർജിതം



ചേർപ്പ് > ചിറയ്ക്കൽ കോട്ടത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ ബസ് ഡ്രൈവർ കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതികൾ ഒളിവിലാണ്. റൂറൽ എസ്‌പി ഐശ്വര്യ ഡോങ്‌ഗ്രെ, ഇരിങ്ങാലക്കുട എസ്‌പി ബാബു കെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണം. പ്രതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുള്ളയിടങ്ങളിലേക്കെല്ലാം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.  ഫെബ്രുവരി 18 ന് അർധരാത്രിയാണ് കോട്ടം സ്വദേശി മമ്മസ്രായില്ലത്ത് സഹാറി(32)നെ ഒരു സംഘം ആളുകൾ തിരുവാണിക്കാവ് ക്ഷേത്രനടയിൽവച്ച്‌  ക്രൂരമായി മർദിച്ചത്. മർദനത്തിൽ ആന്തരികാവയവങ്ങൾ തകർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഏഴിന് സഹാർ മരിച്ചു. സംഭവത്തിൽ കോട്ടം നിവാസികളായ രാഹുൽ, വിഷ്ണു, ടിനോ, അഭിലാഷ്, വിജിത്ത്, അരുൺ, എട്ടുമുന സ്വദേശി ജിഞ്ചു ജയൻ, ചിറയ്ക്കൽ സ്വദേശി അമീർ, കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർ എന്നിങ്ങനെ 10 പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.   പ്രധാന പ്രതികളിലൊരാളായ രാഹുൽ വിദേശത്തേക്ക് കടന്നതായി പൊലീസ് പറഞ്ഞു. അക്രമത്തിനിരയായ സഹാറും വീട്ടുകാരും തുടക്കത്തിൽ കേസിനായി മൊഴി നൽകാൻ തയ്യാറായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടു  ദിവസത്തിനു ശേഷം സഹാറിന്റെ  ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനുശേഷമാണ്  മൊഴി നൽകിയത്. ഇത് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടാക്കിയെന്നും പ്രതികൾക്ക് സ്ഥലം വിട്ട് പോകാൻ അവസരമായെന്നും പൊലീസ് പറഞ്ഞു. വൈകാതെ തന്നെ പ്രതികളെ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇപ്പോൾ ചേർപ്പ് സ്റ്റേഷൻ ചുമതലയിലുള്ള അന്തിക്കാട് എസ്എച്ച്ഒ പി കെ ദാസ് പറഞ്ഞു. സഹാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചിറയ്ക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്‌കരിച്ചു. Read on deshabhimani.com

Related News