ചെത്തുതൊഴിലാളിയെ കല്ലിനിടിച്ച് കൊന്നു; അയൽവാസി അറസ്റ്റില്‍
ചാമംപതാൽ> ചെത്തുതൊഴിലാളിയായ വയോധികനെ അയൽവാസി കല്ലുകൊണ്ട് തലയ്‌ക്ക് ഇടിച്ചുകൊന്നു. ചാമംപതാൽ കറിയാപറമ്പിൽ ബിജു(57) ആണ് മരിച്ചത്. വെള്ളാറപ്പള്ളി- മാരാംകുന്ന് റോഡിൽ ഞായർ വൈകിട്ട് നാലരയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പു(23)വിനെ അറസ്റ്റുചെയ്തു. തമിഴ്നാട് സ്വദേശിയായ അപ്പു ദീർഘകാലമായി ചാമംപതാലിൽ സ്ഥിരതാമസമാണ്. കള്ളുചെത്താൻ സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നിലത്തുവീണ ബിജുവിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ചശേഷം അപ്പു ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് ചാമംപതാൽ ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു. ഇവർ തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നതായും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടന്നതെന്നുമാണ് പൊലീസ് പറയുന്നത്. രക്തംവാർന്ന് റോഡിൽ കിടക്കുകയായിരുന്ന ബിജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: ബിജേഷ്, അഭിലാഷ്. Read on deshabhimani.com