മുസ്ലിം ലീഗ് നേതാവ് കെ എം ബഷീർ പാർടിയിൽ നിന്നും രാജിവച്ചു



ഫറോക്ക് > മുസ്ലീം ലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡൻ്റും സംസ്ഥാന കൗൺസിൽ അംഗവും എം എസ് എഫ്  മുന്‍ സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന കെ എം ബഷീർ പാർടിയിൽ നിന്നും രാജിവച്ചു. ഇതോടൊപ്പം ഫറോക്ക് കരുവൻതിരുത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സ്ഥാനവും രാജി വച്ചിട്ടുണ്ട്. ബാങ്ക് ഭരണ സമിതി അംഗങ്ങൾ കൂട്ടത്തോടെയാണ് രാജി സമർപ്പിച്ചത്. പാർടിയോട് വിട പറഞ്ഞ ബഷീറും സഹപ്രവർത്തകരുമൊന്നിച്ച്   സി പി ഐ എമ്മിനോടൊപ്പം ചേർന്നു പ്രവർത്തിക്കാനാണ് തീരുമാനം . മുസ്ലീം ലീഗുമായുള്ള നീണ്ട അരനൂറ്റാണ്ടു കാലത്തെ ബന്ധമാണ് കെ എം ബഷീർ ഔദ്യോഗികമായി  വിഛേദിക്കുന്നത്.കഴിഞ്ഞ 28 വർഷമായി മുസ്ലീം ലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡൻറായും 2011 മുതൽ കരുവൻതിരുത്തി സഹകരണ ബാങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ചു വരികയായിരുന്നു. നേരത്തെ കേന്ദ്ര സർക്കാറിൻ്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ-എം സംഘടിപ്പിച്ച മനുഷ്യ ശൃംഖലയിൽ കുടുംബസമേതം കണ്ണിയായത് വിവാദമായതോടെ ലീഗിൽ നിന്നും സസ്പെൻ്റ് ചെയ്‌തതായി പത്രക്കുറിപ്പിറക്കിയെങ്കിലും കെ എം ബഷീറിന് യാതൊരുവിധ അറിയിപ്പും നൽകിയിരുന്നില്ല. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനും ധാർമ്മികതയ്ക്കും നിരക്കാത്ത വിധത്തിലുള്ള   മുസ്ലിം ലീഗ് നേതൃത്വത്തിന്റെ  വർത്തമാനകാല ചെയ്‌തികൾ, ഈ പാർട്ടിയെ കേവലം ഒരു  ആൾക്കൂട്ട പാർട്ടിയാക്കി തരംതാഴ്ത്തിയിരിക്കുന്നു. ഖായിദെ മില്ലത്ത്‌ മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ ചിന്തകളെയും പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളെയും  ബലികഴിച്ച് ചുരുക്കം തദ്ദേശഭരണ സമിതി അംഗങ്ങൾക്കും ഭരണത്തിനും വേണ്ടി വർഗ്ഗീയ വിഘടന ശക്തികളെ കൂട്ടുപിടിച്ചു. ആർഎസ്എസ്, വെൽഫയർ പാർട്ടി ചങ്ങാത്തം പൂർവ്വികരായ നേതാക്കൾ പൊതു സമൂഹത്തിൽ ഉണ്ടാക്കിയ മതനിരപേക്ഷ രാഷ്ട്രീയത്തിന് കടയ്ക്കൽ കത്തി വയ്ക്കലായി. ഇതിനെല്ലാമപ്പുറം കൊള്ളക്കാരുടെയും കള്ളന്മാരുടെയും ക്വാറി മാഫിയകളുടെയും കൊലപാതകികളുടെയും ആവാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ലീഗ് .  ലീഗിന്റെ മുൻ മന്ത്രിമാരും എംഎൽഎ മാരും അഴിമതിയിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പെട്ട് ജയിലിൽ കഴിയുകയാണ്. ഒടുവിൽ കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുറഹിമാൻ്റ  കൊലപാതകം ലീഗിനെ എത്രത്തോളം ദുഷിച്ചു എന്നതിന്റെ  നേർചിത്രമാണ്. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര കൂട്ടായ്മയ്ക്ക് നേതൃത്വം നൽകേണ്ട ബാദ്ധ്യതയുള്ള  മുസ്ലിംലീഗ് , സ്വന്തം രാഷ്ട്രീയ ഉത്തരവാദിത്വം  മറന്നു പരസ്പരം കലഹിച്ചും ഗ്രൂപ്പുകളിച്ചും  കഴിയുകയാണ്.  സാഹചര്യത്തിൽ മുസ്ലീം ലീഗിൻ്റെ പ്രസക്തി ഇല്ലാതായതായി ബോദ്ധ്യപ്പെട്ടതിനാലാണ്  പതിറ്റാണ്ടുകൾ പ്രവർത്തിച്ച പാർട്ടിയോടൊപ്പമുള്ള രാഷ്ട്രീയ പ്രവർത്തനം  അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് കെ എം ബഷീർ അറിയിച്ചു. ആറാം വയസ്സിൽ എംഎസ്എഫിൽ അംഗത്വമെടുത്ത ബഷീർ ചാലിയം ഇമ്പിച്ച ഹാജി ഹൈസ്കൂൾ യൂണിറ്റ് പ്രസിഡൻ്റായാണ് സംഘടനാ രംഗത്ത് സജീവമായത്. എം എസ് എസ് ജില്ലാ പ്രസിഡൻ്റ് , സംസ്ഥാന വൈസ് പ്രസിഡൻ്റ്, യൂത്ത് ലീഗ് സംസ്ഥാന കലാ സാഹിത്യ വേദി കൺവീനർ, മുസ്ലീം ലീഗ് ഫറോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിച്ചെങ്കിലും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മാനേജ്മെൻ്റ് വിദഗ്‌ദൻ കൂടിയായ ബഷീറിനെ ഗ്രൂപ്പ് വൈരത്തിൻ്റെ പേരിൽ തഴയുകയായിരുന്നു. മുൻ മന്ത്രി അ മ്മദ് കുട്ടി എന്ന ബാപ്പ കുരിക്കൾ, സംസ്ഥാന ട്രഷറർ ആയിരുന്ന അബ്ദുല്ലക്കുട്ടിക്കുരിക്കൾ എന്നിവരുടെ സഹോദരീപുത്രൻ കൂടിയാണ് കെ എം ബഷീർ. Read on deshabhimani.com

Related News