തട്ടിപ്പ് തുടര്‍ക്കഥ ; പ്രിന്റിങ് പ്രസിന്റെ മറവിലും ലീ​ഗ് ലക്ഷങ്ങള്‍ മുക്കി



എടക്കര മൂത്തേടം കാരപ്പുറത്ത് മുസ്ലിംലീഗ് നേതൃത്വത്തിൽ ആരംഭിച്ച പ്രിന്റിങ് പ്രസിന്റെ മറവിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി പരാതി. വ്യവസായ വകുപ്പിനുകീഴിൽ രജിസ്റ്റർചെയ്ത് 2005ൽ ആരംഭിച്ച നിലമ്പൂർ താലൂക്ക് പ്രിന്റിങ് ആൻഡ് ബുക്ക് ബൈൻഡിങ് വ്യവസായ സഹകരണ സംഘത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. വ്യക്തികളിൽനിന്നും വിവിധ സ്ഥാപനങ്ങളിൽനിന്നും ലക്ഷങ്ങൾ ഓഹരി പിരിച്ച് തുടങ്ങിയ സ്ഥാപനം പൂട്ടിയപ്പോൾ പണം തിരികെ നൽകിയില്ലെന്നാണ് ആരോപണം. 2005 ഡിസംബർ മൂന്നിന് അന്നത്തെ വ്യവസായ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണ് പ്രസ് ഉദ്ഘാടനംചെയ്തത്. പ്രസ് മാസങ്ങൾമാത്രമാണ് പ്രവർത്തിച്ചത്. പിന്നീട് മുന്നറിയിപ്പില്ലാതെ പൂട്ടി. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങൾ മറിച്ച് വിറ്റു. ജോലി വാഗ്ദാനംചെയ്ത് ഭരണസമിതിയിലെ പ്രമുഖർ പലരിൽനിന്നായി ലക്ഷങ്ങൾ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. പിരിച്ച തുകയ്ക്ക് രേഖകളും കണക്കും ഇല്ല. പണം നഷ്ടമായവർ ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. 2004ൽ സഹകരണ മേഖലയിൽ റബർ ഫാക്ടറിയുടെ പേരിൽ കോടികൾ പിരിച്ചവർ തന്നെയാണ് ഈ തട്ടിപ്പിനും നേതൃത്വം നൽകിയത്. ഇരു സ്ഥാപനങ്ങളുടെയും പ്രസിഡന്റ് ലീഗ് നേതാവ് ഇസ്മായിൽ മൂത്തേടമായിരുന്നു. ഓഹരി ഉടമകളുടെ പരാതിയിൽ നിരവധി തവണ വ്യവസായ വകുപ്പ് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി തയ്യാറായിട്ടില്ല. ജില്ലാ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ പ്രിന്റിങ് പ്രസ് തട്ടിപ്പും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. Read on deshabhimani.com

Related News