പൊഴിയിൽ പൊലിയില്ല ജീവൻ ; മുതലപ്പൊഴി ഹാർബർ നവീകരണ പദ്ധതിക്ക് അനുമതി
തിരുവനന്തപുരം സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മുതലപ്പൊഴി ഫിഷിങ് ഹാർബർ വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം. 177 കോടി രൂപയുടെ പദ്ധതിയിൽ 70.80 കോടി രൂപയാണ് സംസ്ഥാന വിഹിതം. പദ്ധതി യാഥാർഥ്യമായാൽ 415 യന്ത്രബോട്ടുകൾക്ക് ദിവസവും തുറമുഖത്ത് എത്താം. ഇതുവഴി വർഷം 38,142 ടൺ മീൻ ഇറക്കുമതി ചെയ്യാനാകും. തീരത്തിന്റ ആഴം വർധിപ്പിച്ച് ജല –-കര സൗകര്യ വികസനവും നടത്തും. പുലിമുട്ടിന്റെ നീളം 425 മീറ്ററാക്കും. റോഡ് നവീകരണം, പാർക്കിങ് ഏരിയ, ഡ്രെയിനേജ്, ലോഡിങ് ഏരിയ നവീകരണം,വാർഫ് വിപുലീകരണം, ലേല ഹാൾ, ഓവർഹെഡാട്ടർ ടാങ്ക് നിർമ്മാണം, വിശ്രമകേന്ദ്രം, കടകൾ, ഡോർമിറ്ററി, ഗേറ്റ്, ലാൻഡ്സ്കേപ്പിങ്, നിലവിലുള്ള ഘടനകളുടെ നവീകരണം, യാർഡ്‌ലൈറ്റിങ്, പ്രഷർ വാഷറുകൾ, ക്ലീനിങ് ഉപകരണങ്ങൾ നിരീക്ഷണ സംവിധാനം സ്‌ഥാപിക്കൽ, നാവിഗേഷൻ ലൈറ്റ്, മെക്കാനിക്കൽ കൺവെയർ സിസ്‌റ്റം, തുടങ്ങിയവയും യാഥാർഥ്യമാകും. തീരസംരക്ഷണവും ഉറപ്പാക്കും. 2001 നിർമാണം ആരംഭിച്ച തുറമുഖം 2020 ജൂണിലാണ് കമീഷൻ ചെയ്‌തത്. വാമനപുരം നദി, അഞ്ചുതെങ്ങ് കായൽ എന്നിവ കടലുമായി ചേരുന്ന മുതലപ്പൊഴിയിൽ അതിവേഗമാണ് മണൽതിട്ട ഉണ്ടാകുന്നത്. തുറമുഖം അപകട രഹിതമാക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് നൽകാൻ പുണെ ആസ്ഥാനമായുള്ള സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്‌റ്റേഷനെ 2022 ആഗസ്‌തിലാണ് സർക്കാർ ചുമതലപ്പെടുത്തിയത്. ഫെബ്രുവരിയിൽ റിപ്പോർട്ട് നൽകി. സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കോസ്‌റ്റൽ എൻജിനീയറിങ് ഫോർ ഫിഷറി ( സിഐസിഇഎഫ്) വിദഗ്‌ധരുടെ നിർദേശംകൂടി പരിഗണിച്ച് പദ്ധതി വിഭാവനം ചെയ്യുകയായിരുന്നു. നവീകരണം ഉടൻ പൂർത്തിയാക്കുമെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാർ അതിവേഗത്തിലാണ് വിശദപദ്ധതി റിപ്പോർട്ട് സമർപ്പിച്ചതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com