പച്ചിലക്കാട്ടിലെ പൈങ്കിളി പാടിയ മുതുപേഴുങ്കൽ... കല്യാണി ടീച്ചറിന്റെ ബസിലെപ്പാട്ട്‌ ഹിറ്റ്‌



പത്തനാപുരം >  കല്യാണി ടീച്ചർ എവിടെയും പാടും. എന്ത് വിഷയം കൊടുത്താലും നിമിഷ കവിയാകും. എഴുപത്തഞ്ചുകാരിയായ കല്യാണി ബസ് യാത്രയ്ക്കിടെ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ഒറ്റപ്പാട്ടിലൂടെ അങ്കണവാടി മുൻ അധ്യാപിക നാട്ടിലെ താരവുമായി. ‘പച്ചിലക്കാട്ടിലെ പൈങ്കിളി പാടുന്ന കൊച്ചുനാടാണീ മുതുപേഴുങ്കൽ... തത്തമ്മപ്പെണ്ണുങ്ങൾ തത്തിക്കളിക്കുന്ന പൊന്നുനാടാണീ മുതുപേഴുങ്കൽ... ഹിന്ദുവും മുസൽമാനും ക്രിസ്‌ത്യാനിയും ഒന്നിച്ചുവാഴുമീ കൊച്ചുഗ്രാമം’ മുതുപേഴുങ്കൽ ഗ്രാമത്തെക്കുറിച്ച് സ്വകാര്യ ബസിൽ എഴുപഞ്ചഞ്ചുകാരി പാടിയ  വരികളാണിത്. മുതുപേഴുങ്കൽ ചരിവിള വീട്ടിൽ കല്യാണി ഒരുമാസം മുമ്പ്‌ കോന്നിയിൽനിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ബസ് ജീവനക്കാരുടെ നിർബന്ധത്തെ തുടർന്നാണ്‌ പാടിയത്. ഡ്രൈവർ ലിനേഷ്‌ ബസ്‌ ജീവനക്കാരെക്കൊണ്ട് മൊബൈലിൽ അത്‌ പകർത്തി. 30 സെക്കൻഡ് ദൃശ്യം ലിനേഷ് ഫേസ്ബുക്കിൽ ഇട്ടതോടെയാണ്‌ വൈറലായത്‌. ടീച്ചരുടെ പാട്ട് നിരവധി ലൈക്കും കമന്റും വാരിക്കൂട്ടി. ‌ മുൻപ് കല്യാണിയുടെ കൊയ്‌ത്തുപാട്ടും ശ്രദ്ധ നേടിയിട്ടുണ്ട്. മുതുപേഴുങ്കൽ ഏലായിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്തുത്സവത്തിനാണ് പാടിയത്. ഇതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പക്ഷികളും മൃഗങ്ങളും കേന്ദ്രകഥാപാത്രങ്ങളായി പാട്ടിന്റെ വലിയ ശേഖരം കല്യാണിയുടെ പക്കലുണ്ട്. Read on deshabhimani.com

Related News