തന്നിഷ്ടപ്രകാരം വിസി നിയമനം ; കാവിവല്‍ക്കരണത്തിന്റെ ഭാഗമാണ് ഗവര്‍ണറുടെ നടപടി: എം വി ഗോവിന്ദന്‍
തിരുവനന്തപുരം> തന്നിഷ്ടപ്രകാരം വിസിമാരുടെ നിയമനം നടത്തി ഹൈക്കോടതി വിധിയെയും ഭരണഘടനയേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ഈ ഗവര്‍ണര്‍ക്കെതിരെ 9 കോടതി വിധികള്‍ ഉണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാവിവല്‍ക്കരണത്തിന്റെ ഭാഗമാണ് ഗവര്‍ണറുടെ നടപടികളെന്നും ഗോവാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നമസ്‌കരിച്ച ശേഷം ചുമതലയേല്‍ക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടിയില്‍ യുഡിഎഫിന്റെ പ്രതികരണം വ്യക്തമാക്കണം. ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസുകളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും. അതിശക്തമായ പ്രക്ഷോഭങ്ങള്‍ കേരളത്തിലാകെ ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരുന്നു. സര്‍ക്കാര്‍ പട്ടികയിലുള്ളയാളെ പരിഗണിക്കണമെന്ന കോടതി ഉത്തരവ് മറികടന്നായിരുന്നു തന്നിഷ്ടപ്രകാരമുള്ള ഗവര്‍ണറുടെ നീക്കം. ഡോക്ടര്‍ കെ ശിവപ്രസാദിനെ കെടിയുവിലും, സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും നിയമിച്ചായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി. ഡിജിറ്റല്‍ സര്‍വകലാശാല മുന്‍ വിസിയും ഐഐഎമ്മിലെ പ്രൊഫസറുമായ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി ആര്‍ ഷാലിജ്, കോതമംഗലം എംഎ എന്‍ജിനീയറിങ് കോളജിലെ പ്രൊഫസര്‍ ഡോ. വിനോദ് കുമാര്‍ ജേക്കബ് എന്നിവരെയും, ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് ഡോ. എം എസ് രാജശ്രീ, ഡോ. എ മുജീബ് എന്നിവരെയുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധിയെ മറയാക്കിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോഴത്തെ നിയമനങ്ങള്‍ നടത്തുന്നത്. Read on deshabhimani.com