വ്യാജ വാര്‍ത്ത സംപ്രേഷണം; മനോരമ ന്യൂസിനും, റിപ്പോര്‍ട്ടര്‍ ടിവിക്കും എം വി ജയരാജന്റെ വക്കീല്‍ നോട്ടീസ്
തിരുവനന്തപുരം> വ്യാജവാർത്ത നൽകിയതിന് റിപ്പോര്‍ട്ടര്‍ ടിവിക്കും മനോരമ ന്യൂസിനുമെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെയാണ് എം വി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി, കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടന്റ് എഡിറ്റര്‍ അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, ആര്‍ ശ്രീജിത് എന്നിവർക്കെതിരെയാണ് നോട്ടീസ് നൽകിയത്. ഒക്ടോബര്‍ അഞ്ചിന് ‘മുഖ്യമന്ത്രിക്കെതിരെ ചോദ്യം’, ‘ഹിന്ദു അഭിമുഖ വിവാദത്തില്‍ ആടിയുലഞ്ഞ് സിപിഐ എം’, ‘മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ സംസ്ഥാന കമ്മിറ്റിയില്‍ ചോദ്യം ചെയ്ത് ജയരാജന്‍’ എന്നിങ്ങനെയാണ് വ്യാജ വാർത്ത സംപ്രേഷണം ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. Read on deshabhimani.com