മൈനാഗപ്പള്ളി അപകടം; ഡോക്‌ടറെ പുറത്താക്കി ആശുപത്രി

അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച കാർ


മെെനാഗപ്പള്ളി > കൊല്ലം മെെനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രിക കാറിടിച്ച്‌ മരിച്ച സംഭവത്തിൽ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന്‌ പുറത്താക്കി. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയാണ്‌ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന്‌ പുറത്താക്കിയത്‌. ഇവിടുത്തെ താൽക്കാലിക ഡോക്‌ടറായിരുന്നു ശ്രീക്കുട്ടി. വാഹനമോടിച്ചിരുന്ന അജ്‌മലിനോടൊപ്പം ഒപ്പമുണ്ടായിരുന്ന ഡോക്‌ടറേയും പൊലീസ്‌ കസ്റ്റെഡിയിലെടുത്തതോടെയാണ്‌ ആശുപത്രിയുടെ നടപടി. തിരുവോണനാളിൽ വൈകുന്നേരം അഞ്ച്‌ മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂട്ടർ യാത്രികരായ സ്‌ത്രീകളെ കാറിടിച്ച്‌ വീഴ്‌ത്തിയ അജ്‌മൽ, നിലത്ത്‌ വീണു കിടിന്നിരുന്ന സ്‌ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നുവെന്ന്‌ വീഡിയോ ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കുഞ്ഞുമോൾ (45) ഞായറാഴ്‌ച രാത്രിയോടെ മരിക്കുകയായിരുന്നു. കടയിൽ നിന്ന്‌ സാധനങ്ങൾ വാങ്ങി കുഞ്ഞുമോളും കൂടെയുണ്ടായിരുന്ന ഫൗസിയയും തിരികെ പോകുമ്പോഴായിരുന്നു സംഭവം. സ്‌കുട്ടർ ഓടിച്ചിരുന്ന ഫൗസിയ പരിക്കേറ്റ്‌ ചികിത്സയിലാണ്‌. അപകടമുണ്ടായ ശേഷം നാട്ടുകാർ കാർ നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വണ്ടി നിർത്താതെ പോവുകയായിരുന്നു. ഒടുവിൽ നാട്ടുകാർ പിന്തുടർന്നതോടെ കരുനാഗപ്പള്ളിയിലെ ഒരു പോസ്റ്റിലിടിച്ചാണ്‌ കാർ നിന്നത്‌. ഇതിനിടെ കാർ മതിലിലും രണ്ട്‌ വാഹനങ്ങളിലും ഇടിക്കുകയും ചെയ്തു. വാഹനം പോസ്റ്റിലിടിച്ചതോടെ അജ്‌മൽ ഓടി രക്ഷപ്പെടുകയും ശ്രീക്കുട്ടി തൊട്ടപ്പുറത്തെ വീട്ടിലേക്ക്‌ ഓടിക്കയറുകയുമായിരുന്നു. ഇവിടെ വച്ച്‌ നാട്ടുകാർ യുവതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒളിവിൽ പോയ യുവാവിനെ രാത്രിയോടെ പൊലീസ്‌ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടസ്ഥലത്ത്‌ നിന്ന്‌ വാഹനം മുന്നോട്ടെടുക്കാൻ ഡോക്‌ടർ നിർദേശിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്തു വരുന്നുണ്ട്‌. അതുകൊണ്ടുതന്നെ കേസിൽ അജ്‌മലിനാപ്പം ശ്രീക്കുട്ടിയേയും പ്രതി ചേർത്തേക്കാം. വൈദ്യപരിശോധനയിൽ ഇരുവരും മദ്യപിച്ചിരുന്നുവെന്ന്‌ തെളിഞ്ഞതായും അജ്‌മൽ ലഹരി മരുന്ന്‌ കേസിൽ ഉൾപ്പെട്ട ആളാണെന്നും റിപ്പോർട്ടുകളുണ്ട്‌. Read on deshabhimani.com

Related News