കൊച്ചിയുടേത് മതമൈത്രിയുടെ ചരിത്രം: എൻ എസ് മാധവൻ
കൊച്ചി വ്യത്യസ്ത മതസമൂഹങ്ങളും സംസ്കാരങ്ങളും നിറഞ്ഞ ഇടമായിരുന്നിട്ടും കൊച്ചിയിൽ കലാപമോ ഭിന്നതയോ ഉണ്ടായിരുന്നില്ലെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. എല്ലാ മതവിഭാഗക്കാരും യോജിച്ച ചരിത്രം കൊച്ചിക്കുണ്ടെന്നും അത് മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാൻ പറ്റാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘എൻ എസ് മാധവന്റെ ലുത്തിനിയകൾ’ എന്ന പേരിൽ സംഘടിപ്പിച്ച സാഹിത്യചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പംമുതൽ ബൈബിൾ വായന ഒപ്പമുണ്ടായിരുന്നു. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, ഹിഗ്വിറ്റ, ഭീമച്ചൻ തുടങ്ങിയ രചനകളിൽ തനിക്ക് അത് സഹായമായെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എൻ എസ് മാധവന്റെ കഥകളും നോവലുകളും സംബന്ധിച്ച് ചർച്ച നടത്തി. സുമി ജോയ് ഒലിയപ്പുറം, രാംമോഹൻ പാലിയത്ത്, ഷാജി ജോർജ് പ്രണത, ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ജോണി മിറാന്റാ, ജോർജ് ജോസഫ് കെ എന്നിവർ സംസാരിച്ചു. Read on deshabhimani.com