12 ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം; 187 ആശുപത്രികള്‍ക്ക് എന്‍ക്യുഎഎസ് സർട്ടിഫിക്കേഷൻ



തിരുവനന്തപുരം > സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എക്യുഎഎസ്) അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ ആകെ 187 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് സര്‍ട്ടിഫിക്കേഷനും 12 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചതായി മന്ത്രി പറഞ്ഞു. കോട്ടയം സിഎച്ച്സി കൂടല്ലൂര്‍ 89.67 ശതമാനം സ്‌കോറും എറണാകുളം സിഎച്ച്സി രാമമംഗലം 93.09 ശതമാനം സ്‌കോറും തിരുവനന്തപുരം പിഎച്ച്സി ആനാട് 93.57 ശതമാനം സ്‌കോറും ഇടുക്കി പിഎച്ച്സി കുമളി 92.41 ശതമാനം സ്‌കോറും കെ പി കോളനി 92.51 ശതമാനം സ്‌കോറും പിഎച്ച്സി പെരുവന്താനം 93.37 ശതമാനം സ്‌കോറും പാലക്കാട് പിഎച്ച്സി അടക്കാപുത്തൂര്‍ 93.57 ശതമാനം സ്‌കോറും മലപ്പുറം പിഎച്ച്സി വാഴക്കാട് 95.83 ശതമാനം സ്‌കോറും കണ്ണൂര്‍ പിഎച്ച്സി മൊറാഴ 94.97 ശതമാനം സ്‌കോറും കാസര്‍കോട് പിഎച്ച്സി കുമ്പഡാജെ 94.37 ശതമാനം സ്‌കോറും നേടി എന്‍ക്യുഎഎസ് അംഗീകാരവും കണ്ണൂര്‍ പിഎച്ച്സി കതിരൂര്‍ 93.52 ശതമാനം സ്‌കോര്‍ നേടി പുനഃഅംഗീകാരവും കരസ്ഥമാക്കി. ഇതോടെ സംസ്ഥാനത്തെ 187 ആശുപത്രികള്‍ എന്‍ക്യുഎഎസ് അംഗീകാരവും 82 ആശുപത്രികള്‍ പുനഃഅംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 126 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികള്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. തിരുവനന്തപുരം പാറശ്ശാല ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ലേബര്‍ റൂം 95.92 ശതമാനം സ്‌കോറും മറ്റേര്‍ണിറ്റി ഒടി 95.92 ശതമാനം സ്‌കോറും നേടിയാണ് ഈ അംഗീകാരം നേടിയത്. മാതൃശിശു മരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌കരിച്ചത്. ലോകോത്തര നിലവാരത്തിലുളള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, ഇതുകൂടാതെ പ്രസവാനന്തരമുളള ശൂശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷന്‍ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കേരളത്തില്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. Read on deshabhimani.com

Related News