ആരോഗ്യമാണ്‌ ഇവിടെ മുഖ്യം ; ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട്‌



തിരുവനന്തപുരം ആരോഗ്യം ഉറപ്പാക്കാൻ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന്‌ സ്ഥിതിവിവരക്കണക്ക്‌ മന്ത്രാലയത്തിന്‌ കീഴിലുള്ള ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ റിപ്പോർട്ട്‌. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരും അല്ലാത്തവരും ഒരേപോലെ സംസ്ഥാനത്തെ മികച്ച ആരോഗ്യസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതായും 2022–-23ലെ വാർഷിക മോഡുലാർ സർവേ വ്യക്തമാക്കുന്നു. സർക്കാർ സംവിധാനങ്ങളില്ലാതെ, സ്വയം പണംമുടക്കി ചികിത്സ തേടുന്നതിലും കേരളമാണ്‌ മുന്നിൽ. പ്രമേഹം, രക്താതിമർദം പോലുള്ള പകർച്ചേതര രോഗങ്ങൾ സംസ്ഥാനത്ത്‌ കൂടുതലായതിനാൽ സ്ഥിരംചികിത്സ തേടുന്നവരുടെ എണ്ണവും കൂടുതലാണ്‌. കിടത്തിച്ചികിത്സയ്‌ക്കായി ഗ്രാമീണ മേഖലയിലെ കുടുംബം ഒരുവർഷം ശരാശരി 10,929രൂപ (ദേശീയ ശരാശരി 4496 രൂപ) ചെലവഴിക്കുമ്പോൾ നഗരമേഖലയിൽ ഇത്‌ 13,140 രൂപയാണ്‌ (6,877). വ്യക്തിഗതമായി യഥാക്രമം 2,991രൂപയും (1,035) 3,734 രൂപയും (1,879) ചെലവിടുന്നു. കിടത്തിച്ചികിത്സയല്ലാത്ത വിഭാഗത്തിൽ ഒരുമാസം ഗ്രാമീണമേഖലയിൽ കുടുംബത്തിന്‌ 1,193 രൂപയും നഗരമേഖലയിൽ 1,190 രൂപയുമാണ്‌ ചെലവ്‌. ഒരു വ്യക്തിക്കാകട്ടെ, ഇത്‌ യഥാക്രമം 326ഉം 338ഉം രൂപയാണ്‌.  ഹെൽത്ത്‌ ഇൻഷുറൻസില്ലാതെ, "ഔട്ട്‌ ഓഫ്‌ പോക്കറ്റ്‌' ചെലവുകളിലും കേരളമാണ്‌ മുന്നിൽ. ഗ്രാമീണമേഖലയിൽ കിടത്തിച്ചികിത്സയ്ക്കായി പ്രതിവർഷം 8,655 (4,129) രൂപയും നഗരമേഖലയിലുള്ളവർ 10,341 രൂപയുമാണ്‌ (5,290) ഇപ്രകാരം ചെലവഴിക്കുന്നത്‌. Read on deshabhimani.com

Related News